കൊയിലാണ്ടിയിലെ കവർച്ചാ നാടകം; പണയസ്വർണം തിരിച്ചെടുക്കുന്നതിന് ഉപയോഗിച്ച അഞ്ച് ലക്ഷം രൂപ തിക്കോടിയിൽ നിന്ന് കണ്ടെടുത്തു, തെളിവെടുപ്പ് പൂർത്തിയായി


കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പ് പൂർത്തിയായി. ആറേകാൽ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തോലിക് ബാങ്കിൽ നൽകിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കൽ നിന്നും ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. പ്രതികളായ പയ്യോളി ബീച്ച് സുഹാന മൻസിൽ സുഹൈൽ, തിക്കോടി കോടിക്കൽ ഉമ്മർ വളപ്പിൽ താഹ, തിക്കോടി കോടിക്കൽ പുളിവളപ്പിൽ യാസർ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം വീണ്ടും റിമാൻഡ് ചെയ്തു.

നേരത്തെ വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തിൽ നിന്നും 37 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇതിനു പുറമെ താഹ മറ്റൊരാൾക്ക് നൽകിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. പ്രതി സുഹൈലിനെ കയ്യുംകാലും കെട്ടിയ കോഴിക്കോട് വെസ്റ്റ് ഹിൽ ബീച്ച് റോഡ് സൈഡ്, കെട്ടാനായി ചൂടിയും ദേഹത്ത് വിതറാൻ മുളകുപൊടിയും വാങ്ങിയ മൂടാടിയിലേയും ചെങ്ങോട്ടുകാവിലെയും കടകൾ, കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്ക്, അരിക്കുളം എന്നിവിടങ്ങളിൽ ഇന്നലെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

തിക്കോടി കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി ബീച്ച്, ബാഗും പർദ്ദയും ഉപേക്ഷിച്ച തുറശ്ശേരികടവ് പാലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊയിലാണ്ടി സി.ഐ, ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്യത്തിലായിരുന്നു തെളിവെടുപ്പ്. എസ്.ഐമാരായ കെ.പി.ഗിരീഷ്, ജിതേഷ്, പി.മനോജ് കുമാർ, എസ്.സി.പി.ഒ സതീഷ് കുമാർ, ഡ്രൈവർ സുരേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സംഭവം നടന്ന അരിക്കുളം ഭാഗത്ത് നിന്നു മുതൽ കാട്ടിലപീടികവരെ നൂറോളം സി.സി.ടി.വി.കൾ പരിശോധിക്കുകയും ചെയ്തു. സുഹൈലിന്റെ കാറിനു പിന്നിലായി കവർച്ചാ സംഘത്തിലുള്ളവർ പിന്തുടർന്നതായി ദൃശ്യങ്ങളിൽ കണ്ടതോടെ പോലീസിനു കാര്യങ്ങൾ മനസ്സിലായി. എന്നാൽ ചോദ്യം ചെയ്യലിൽ സുഹൈൽ സഹകരിച്ചിരുന്നില്ല. പോലീസിന് കാര്യങ്ങൾ വ്യക്തമായി എന്നറിഞ്ഞതോടെയാണ് സുഹൈൽ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞത്.

വൺ ഇന്ത്യ എ.ടി.എം കമ്പനിയുടെതായിരുന്നു പണം. സാധാരണയായി ബൈക്കിലാണ് പണം കൊണ്ടു പോകാറുള്ളത്. അന്നേ ദിവസം കാറിലാണ് പോയത്. സുഹൈൽ ഒറ്റയ്ക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്. 62ലക്ഷം രൂപ ബാങ്കുകളിൽ നിന്നും സുഹൈൽ പിൻവലിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ മനസ്സിലാക്കി. 62 ലക്ഷം രൂപയാണ് കൃത്യമായി നഷ്ടമായത്. എ.ടി.എം കരാർ എടുത്ത മുഹമ്മദ് 72 ലക്ഷം രൂപ പോയതായാണ് പോലീസിൽ മൊഴി നൽകിയത്.

സുഹൈലിനെ കാറിൽ കെട്ടിയിട്ട് പണം കവർന്നു എന്നായിരുന്നു പരാതി. അരിക്കുളം കുരുടിമുക്കിൽ നിന്നും കാറിൽ പണവുമായി വരവെ കാറിനു മുന്നിൽ ചാടിയവർ മുളക് പൊടി വിതറിയെന്നും പിന്നീട് ഒന്നും ഓർമ്മയില്ലെന്നും 25 ലക്ഷം നഷ്ടപ്പെട്ടെന്നുമാണ് സുഹൈൽ പറഞ്ഞത്. കാട്ടിൽ പീടികയിൽ കാറിൽ കെട്ടിയിട്ട നിലയിലാണ് നാട്ടുകാർ സുഹൈലിനെ കണ്ടെത്തിയത്. ശരീരത്തിലും സുഹൈലിന്റെ കാറിലും മുളക് പൊടി വിതറിയിരുന്നു.

[mid5]

വൺ ഇന്ത്യാ എടിഎം കരാർ ജീവനക്കാരനാണ് സുഹൈൽ. സുഹൈലിന്റെ പരാതിയിൽ സംശയം തോന്നിയ പോലീസ് അന്വേഷണം ഞൊടിയിടയിൽ തന്നെ ആരംഭിച്ചു. സുഹൈലിന്റെ മൊഴിൽ തുടക്കത്തിലെ സംശയം തോന്നിയ പോലീസ് അന്വേഷം പുരോഗമിച്ചതോടെ പരാതിക്കാരൻ തന്നെ പ്രതിയാവുകയായിരുന്നു. സുഹൈലിന്റെ കള്ളക്കഥകൾ പൊളിയുകയും ചെയ്തു. താഹയും സുഹൈലുമാണ് മോഷണം ആസൂത്രണം ചെയ്തത്.

[mid6]