കൊയിലാണ്ടിയിലെ കവർച്ചാ നാടകം; അഞ്ച് ലക്ഷം രൂപ വില്ല്യാപ്പള്ളി സ്വദേശിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു; താഹ മുസ്‌ലിയാരുടെ അറസ്റ്റിൽ ഞെട്ടി വിശ്വാസികൾ


കൊയിലാണ്ടി: എ.ടി.എമ്മിൽ നിക്ഷേപിക്കാനെടുത്ത പണം കവർന്നതായി വ്യാജ പരാതിയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെടുത്തു. പദ്ധതിയുടെ മുഖ്യ സൂത്രധാരനും ഖത്തീബുമായ താഹ, വില്ല്യാപ്പള്ളി സ്വദേശിയ്ക്ക് കടംവീട്ടിയ അഞ്ച് ലക്ഷം രൂപയാണ് കണ്ടെടുത്തത്. നേരത്തെ താഹ വില്ല്യാപ്പള്ളി മലാറക്കൽ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തിയാണ് പണം കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ മറവിൽ ആരാധനാലയത്തെ അപകീർത്തിപ്പെടുത്താൻ ചിലർ സോഷ്യൽ മീഡിയ വഴി ബോധപൂർവ്വമായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും താൽക്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാൻ ആവില്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പള്ളി ഖാസി അവധിയിൽ ആയതിനാൽ അദ്ദേഹമാണ് താഹയെ ചുമതലയേൽപ്പിച്ചത്. അതുകൊണ്ടുതന്നെ പള്ളി കമ്മിറ്റിക്ക് കൂടുതൽ അറിയില്ലെന്നും മഹല്ല് പ്രസിഡന്റ് തയ്യിൽ കുഞ്ഞബ്ദുള്ള പറഞ്ഞു.

നന്തി കോടിക്കൽ സ്വദേശിയാണ് താഹ. താഹയ്ക്ക് പുറമേ കേസിൽ പരാതിക്കാരൻ കൂടിയായ എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരൻ പയ്യോളി സ്വദേശി സുഹൈലും കോടിക്കൽ സ്വദേശിയും ചെരണ്ടത്തൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിയുമായ യാസിറും അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാൾ കൂടി പൊലീസ് പിടിയിലുണ്ടെന്നാണ് വിവരം.

ശനിയാഴ്ച പകലാണ് സംഭവം. യാസറും താഹയും ഓടിച്ചുവന്ന കാറിലേക്ക് അരിക്കുളം കുരുടിമുക്കിൽവച്ച് സുഹൈൽ പണം കൈമാറുകയായിരുന്നു. തുടർന്ന് സുഹൈൽ വന്ന കാറിലേക്ക് മുളകുപൊടി വിതറി. പിന്നീട് കാട്ടിലപ്പീടികയിൽ കാറിൽ ബന്ദിയാക്കപ്പെട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. സുഹൈലിന്റെ തുടക്കം മുതലുള്ള മൊഴിയിൽ പൊലീസിന് സംശയം തോന്നിയിരുന്നു. തുടർന്ന് ഫോണും പല സ്ഥലങ്ങളിലുള്ള കാമറകളും പരിശോധിച്ചാണ് കേസ് തെളിയിച്ചത്. ഡിവൈഎസ്പി ആർ ഹരിപ്രസാദ്, സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ ജിതേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സംഭവം നടന്നതിന്റെ തലേന്ന് ഏജൻസി ഉടമയുടെ കാർഡുപയോഗിച്ച് 62 ലക്ഷം രൂപ സുഹൈൽ വിവിധ ബാങ്കുകളിൽനിന്ന് പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ 72,40,000 രൂപ നഷ്ടപ്പെട്ടുവെന്ന് സുഹൈൽ നൽകിയ പരാതിയിലും എടിഎം ഏജൻസി നൽകിയ പരാതിയിലും പറയുന്നു. പ്രതികളെ മെഡിക്കൽ പരിശോധനക്കുശേഷം കൊയിലാണ്ടി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

[mid5]