മഴക്കാലം തുടങ്ങിയെന്ന് കരുതി യാത്ര പോകാതിരിക്കാന്‍ കഴിയുമോ… മഴയില്‍ കൂടുതല്‍ സുന്ദരമാകുന്ന കോഴിക്കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങള്‍ ഇതാ


മഴക്കാലത്ത് വീടിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നതാണ് സുഖം. എന്നാല്‍ മഴയത്ത് യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എന്നാല്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ്?

വിഷമിക്കേണ്ട, കോഴിക്കോട് ജില്ലയില്‍ മഴക്കാലത്ത് സൗന്ദര്യമേറുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഏറ്റവും മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.

ജാനകിക്കാട്

പേര് പോലെ തന്നെ സുന്ദരമായ കാടാണ് ജാനകിക്കാട്. മലയാളികളുടെ മനസില്‍ നൊമ്പരമായ പാലേരി മാണിക്യത്തിന്റെ നാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ജാനകിക്കാട്. കാടിന്റെ മനോഹരമായ കാഴ്ചകളാണ് 131 ഹെക്ടര്‍ പ്രദേശത്ത് ജാനകിക്കാട് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നട്ടുച്ചയ്ക്ക് പോലും വെയില്‍ കടക്കാന്‍ മടിക്കുന്ന കൊടും കാടാണ് കുറ്റ്യാടിപ്പുഴയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന ജാനകിക്കാട്. മരുതോങ്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കാടിന് വി.കെ.കൃഷ്ണമേനോന്റെ സഹോദരി ജാനകി അമ്മയുടെ പേരില്‍ നിന്നാണ് ജാനകിക്കാട് എന്ന പേര് വന്നത്. മഴക്കാലത്ത് ജാനകിക്കാട് കൂടുതല്‍ മനോഹരിയാകും.

കടലുണ്ടി

തീവണ്ടി അപകടത്തിന്റെ അശുഭകരമായ ഓര്‍മ്മകളാണ് കടലുണ്ടി എന്ന പേര് നമ്മുടെ മനസിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുന്ന മനോഹരമായ കാഴ്ചകളും കടലുണ്ടിയിലുണ്ട്. കണ്ണെത്താദൂരത്ത് നിന്നെത്തുന്ന ദേശാടന പക്ഷികളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. നദി കടലിനോട് ചേരുന്ന അഴിമുഖവും അസ്തമയവും പക്ഷികളും കണ്ടല്‍ക്കാടുകളും എല്ലാം ട്രെയിന്‍ യാത്രയില്‍ കാണാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ മഴ നനഞ്ഞുകൊണ്ട് ഈ കാഴ്ചകള്‍ ആസ്വദിക്കുന്നത് പുതിയൊരു യാത്രാനുഭവമാകും.

പെരുവണ്ണാമൂഴി

വലിയൊരു അണക്കെട്ടാണ് പെരുവണ്ണാമൂഴി എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക. പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അണക്കെട്ട്, അണക്കെട്ടിന്റെ റിസര്‍വ്വോയര്‍, മലബാര്‍ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളര്‍ത്തല്‍ കേന്ദ്രം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. മഴക്കാലത്തെ പെരുവണ്ണാമൂഴിക്കാഴ്ചകള്‍ മനസിന് കുളിരേകുന്നതാണ്.

തുഷാരഗിരി

മഴക്കാലത്ത് പോകാന്‍ സാധിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് തുഷാരഗിരി. പ്രധാന ആകര്‍ഷണമായ വെള്ളച്ചാട്ടവും പച്ചമൂടിക്കിടക്കുന്ന മലയോരക്കാഴ്ചകളും കുഞ്ഞരുവികള്‍ക്ക് മുകളിലൂടെയുള്ള മരപ്പാലങ്ങളും പാറക്കെട്ടുകളുമെല്ലാമായി കാഴ്ചാസമ്പന്നമാണ് തുഷാരഗിരി. മഞ്ഞണിഞ്ഞ മലനിരകള്‍ എന്നാണ് തുഷാരഗിരി എന്ന പേരിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിന്റെ താഴ് വാരമായ തുഷാരഗിരി മഴക്കാലത്ത് കൂടുതല്‍ സുന്ദരിയാവും. ഒന്നിലധികം വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം ഒന്നിച്ചാണ് തുഷാരഗിരി എന്നറിയപ്പെടുന്നത്. മുത്തശ്ശി എന്നറിയപ്പെടുന്ന ഒരു മരവും ഇവിടെയുള്ള പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

നാരങ്ങാത്തോട്

ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നാരങ്ങാത്തോട്. കൗതുകമുണര്‍ത്തുന്ന പേരുള്ള ഈ സ്ഥലത്തെ പ്രധാന ആകര്‍ഷണം വെള്ളച്ചാട്ടമാണ്. പാറക്കെട്ടുകള്‍ക്കിടയിലൂടെ അലച്ചുചാലിയൊഴുകിയെത്തുന്ന വെള്ളച്ചാട്ടം മനോഹരമായ കാഴ്ചയാണ്. മഴക്കാലത്ത് ഇവിടെ അപകടസാധ്യതയുണ്ടെങ്കിലും സുരക്ഷ ഉറപ്പുവരുത്തി അതീവ ശ്രദ്ധയോടെ ഇവിടെയെത്തിയാല്‍ മഴയില്‍ നനഞ്ഞ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം.