വടകര അഴിത്തല അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവം; അപകടമുണ്ടായപ്പോള്‍ കോസ്റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് പരാതി
വടകര: സാൻഡ് ബാങ്ക്‌സ് അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് സഹായിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികളുടെ പരാതി. അപകടമുണ്ടായപ്പോള്‍ കോസ്റ്റല്‍ പോലീസില്‍ വവിരം അറിയിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ട ബോട്ടില്‍ ഡ്രൈവര്‍ ഇല്ലെന്നാണ് പോലീസ് പറഞ്ഞതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഹാഷിം പി.വി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ഇതെ തുടര്‍ന്ന് പോലീസും മത്സ്യത്തൊഴിലാളികളും തമ്മില്‍ ഏറെ നേരം വാക്ക് തര്‍ക്കമായെന്നും വിവരമുണ്ട്.
എന്നാല്‍ അപകടവിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോകാന്‍ തയ്യാറെടുത്തുവെന്നും, ഇതിനിടെ അപകടത്തില്‍പ്പെട്ടവരെയും കൊണ്ട് മത്സ്യത്തൊഴിലാളികള്‍ കരയ്ക്ക് എത്താനായി എന്ന വിവരം ലഭിച്ചിരുന്നുവെന്നാണ് കോസ്റ്റല്‍ പോലീസ് പറയുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ കുയ്യണ്ടത്തില്‍ അബൂബക്കർ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചാത്തോത്ത് ഇബ്രാഹിം രക്ഷപ്പെട്ടു. അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും. ഇതിനിടെയാണ് പെട്ടെന്ന് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞത്. മറ്റു തോണിക്കാർ അബൂബക്കറിനെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുബൈദ. മക്കൾ: അൻസാർ, ഷഹല.
മരുമകൾ: ദിൽന.
ഉപ്പ: പരേതനായ അസ്സൻകുട്ടി. ഉമ്മ: മൈമു.
Description: Fisherman dies after Vadakara boat capsizes; Complaint that Coastal Police did not help