ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തി; നാദാപുരം കക്കംവള്ളിയിൽ മത്സ്യ ബൂത്തിന് പ്രവർത്തന വിലക്ക്


നാദാപുരം: കക്കം വള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തന വിലക്ക്. വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തിയതിനും, ദുർഗന്ധം വമിക്കുന്ന തരത്തിൽ സ്ഥാപനം പ്രവർത്തിപ്പിച്ചതിനും, മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിൽപ്പന നടത്തിയതിനുമാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷണ ഉൽപ്പന്നങ്ങൾ വിതരണം നടത്തിയതിന് ചേലക്കാടുള്ള മർവ സ്റ്റോറിന്റെ പ്രവർത്തനവും താൽക്കാലികമായി നിർത്തലാക്കി.

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരത്ത് 32 സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം വൃത്തിഹീനമായതിന് കല്ലാച്ചിയിലുള്ള കേളോത്ത് ക്വാർട്ടേഴ്സിന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി.

പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ. മാരായ ബാബു. കെ, റീന. സി. എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ. ജെ. അറിയിച്ചു