കടലിൽ മാത്രം കാണുന്ന മത്സ്യം പുഴയിൽ; കുറ്റ്യാടി പുഴയിൽ നിന്നും സ്രാവിനെ പിടികൂടി
കുറ്റ്യാടി: കടലിൽ മാത്രം വസിക്കുന്ന സ്രാവിനെ കുറ്റ്യാടി പുഴയിൽനിന്ന് പിടികൂടി. കുറ്റ്യാടി പുഴയിൽ വേളം- ചങ്ങരോത്ത് പഞ്ചായത്തുകൾക്കിടയിൽ പെടുന്ന തെക്കേടത്ത് കടവിൽ നിന്നാണ് സ്രാവിനെ കിട്ടിയത്. ഊരത്തെ ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവരിട്ട വലയിലാണ് അഞ്ച് കിലോ തൂക്കമുള്ള സ്രാവ് കുടുങ്ങിയത്.
തിങ്കളാഴ്‌ച പുലർച്ച മൂന്നരക്കാണ് വലയിട്ടത്. വെളുപ്പിനാണ് സ്രാവ് കുടങ്ങിയതായി കണ്ടത്. രക്ഷപ്പൊടാനുള്ള വെപ്രാളത്തിൽ വലയുടെ കുറെ ഭാഗം മീൻ നശിപ്പിച്ചു. സ്രാവിനെ കുറ്റ്യാടി മത്സ്യ മാർക്കറ്റിൽ വിൽപന നടത്തി. പുഴയിൽനിന്ന് സ്രാവിനെ പിടികൂടിയ സംഭവം പുഴയിൽ കടൽവെള്ളം കയറുന്നതിന്റെ സൂചനയാണെന്ന് തീരദേശ വാസികളിൽ ആശങ്കയുണ്ടെന്ന് ഒ.ടി. കുഞ്ഞബ്ദുല്ല പറഞ്ഞു.
വൻ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴയിൽ ശുദ്ധജലം ഏറെയും ഈ രീതിയിൽ പോകുകയാണ്. അതിനാലാണ് ഉപ്പുവെള്ളം കയറുന്നതെന്ന് നാട്ടുകാർ പറയുന്നു. വടകര താലൂക്കിൽ കുടിവെള്ളം എത്തിക്കാൻ കുറ്റ്യാടി പുഴയിൽ കുറ്റ്യാടിയിലും വേളത്തും വമ്പൻകുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, വേളം കൂരങ്കോട്ട് കടവിൽതന്നെ ജൽജീവൻ്റെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്.

പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്ന് മുമ്പ് വേനലായാൽ പുഴയിലേക്ക് വെള്ളം തുറന്നുവിടുമായിരുന്നു. ഇപ്പോൾ ജപ്പാൻ കുടിവെള്ള പദ്ധതിയും ജലസേചന പദ്ധതിയും മിനി ജല വൈദ്യുതി പദ്ധതിയും പെരുവണ്ണാമൂഴിയിൽ ഉള്ളതിനാൽ പുഴയിലേക്ക് വെള്ളം തുറന്നു വിടുന്നത് വളരെ കുറവാണ്. ഏതാനും വർഷം മുമ്പ് കുറ്റ്യാടി പുഴയിൽ തോട്ടത്താങ്കണ്ടി കടവിൽ തിരണ്ടിയെ കിട്ടിയിരുന്നു.
Summary: Fish found only in the sea found in the river; Shark caught in Kuttiadi river