നാദാപുരത്ത് കാറിനുള്ളിൽ പടക്കം പൊട്ടിത്തെറിച്ച സംഭവം; പൊട്ടിയത് ​ഉ​ഗ്രശേഷിയുള്ള ഗുണ്ട് പടക്കങ്ങൾ, രണ്ട് പേര്‍ക്കെതിരെ കേസ്


നാദാപുരം: പേരോട്‌ കാറിൽ പൊട്ടിത്തെറിച്ചത് ഉ​ഗ്രശേഷിയുള്ള ​ഗുണ്ടെന്ന് ഫൊറൻസിക് റിപ്പോർട്ട്. സ്‌ഫോടനം നടന്ന കാറില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്‌. സംഭവത്തില്‍ രണ്ട്‌ യുവാക്കള്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. പേരോട് പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (33), റയീസ് (26) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാവുന്നരീതിയില്‍ അശ്രദ്ധമായി സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്‌. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഏഴിന് പേരോട് – ഈയ്യങ്കോട് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തലശേരിയിൽനിന്ന് വസ്ത്രങ്ങളും പടക്കവും വാങ്ങിവരുന്നതിനിടെ വീടിനടുത്ത് വച്ച്‌ കാറിനുള്ളിൽനിന്ന് ഗുണ്ട് കത്തിച്ച് പുറത്തേക്കെറിയുമ്പോൾ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. അപകടത്തില്‍ മുഹമ്മദ് ഷഹറാസിൻ്റെ കൈ പത്തി തകരുകയും റയീസിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഷഹറാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. ഇവർക്കൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായും ഇവർക്കായി തിരച്ചിൽ തുടരുന്നതായും പൊലീസ് പറഞ്ഞു.

Description: Firecracker explosion inside a car in Nadapuram; High-powered firecrackers exploded