ഉള്ള്യേരി 19ലെ ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് അജ്ഞാതന്‍ തീയിട്ടു


ഉള്ള്യേരി: ഉള്ള്യേരി 19ലുള്ള ബാലുശ്ശേരി എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്.

ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു.

പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഓഫീസിന്റെ മുന്‍വശത്തെ വാതിലിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്.

അറപ്പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന റെയ്ഞ്ച് ഓഫീസ് 2017 ലാണ് ഉള്ള്യേരി 19ാം മൈലിലെ ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് മാറിയത്. ബാലുശ്ശേരി, അത്തോളി, ഉള്ള്യേരി, കോട്ടൂര്‍, കായണ്ണ, നടുവണ്ണൂര്‍, പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെ 12 പഞ്ചായത്തുകളിലെ എക്‌സൈസ് സേവനമാണ് റെയ്ഞ്ച് ഓഫീസ് നിറവേറ്റുന്നത്.