മാവൂര്‍ മര്‍കസ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം; കത്തിയത് മര്‍ക്കസ് പള്ളിയുടെ പടിഞ്ഞാറ് വശത്തെ കെട്ടിടം: ഫയലുകളും പുസ്തകങ്ങളും ഫര്‍ണിച്ചറുകളും പൂര്‍ണമായും നശിച്ചു


കോഴിക്കോട്: മാവൂര്‍ റോഡില്‍ മര്‍കസ് കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. മര്‍കസ് പള്ളിയുടെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എം.ഇ കോര്‍പറേറ്റ് ഓഫിസിലാണ് തീപിടുത്തമുണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു യൂണിറ്റാണ് എത്തിയത്. ഇവര്‍ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. പള്ളിയിലേക്കും തൊട്ടടുത്ത മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരുന്നതിന് മുന്‍പ് തന്നെ അഗ്‌നിശമനസേന തീ അണച്ചതോടെ ഒഴിവായത് വലിയ ദുരന്തം.

നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇത്. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ ഉള്‍പ്പെടെയുള്ള ഓഫീസുകളുണ്ട്. തീപിടുത്തത്തില്‍ ഐ.എ.എം.ഇ കോര്‍പറേറ്റ് ഓഫിസിന്റെ മുറിയിലെ ഫയലുകളും പുസ്തകങ്ങളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തി നശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.