തെങ്ങ് മുറിക്കവെ തെറിച്ചുവീണ് അരയില്‍ കെട്ടിയ കയറില്‍ തൂങ്ങിക്കിടന്ന യുവാവിനെ രക്ഷിച്ച തെങ്ങുകയറ്റത്തൊഴിലാളി വേലായുധന് അഗ്നിരക്ഷാ സേനയുടെ ആദരം
പേരാമ്പ്ര: കായണ്ണയില്‍ തെങ്ങിന്റെ തലഭാഗം മുറിക്കുമ്പോള്‍ പുറത്തേക്ക് തെറിച്ചു വീണ് അരയില്‍ കെട്ടിയ കയറില്‍ തുങ്ങിനിന്ന യുവാവിനെ രക്ഷിച്ച തെങ്ങു കയറ്റ തൊഴിലാളി സി.പി.വേലായുധനെ പേരാമ്പ്ര അഗ്‌നിരക്ഷാ സേന അനുമോദിച്ചു. അഗ്‌നി രക്ഷാസേന സംഭവ സ്ഥലത്ത് എത്തുന്നതു വരെ യുവാവിനെ സുരക്ഷിതമായി തെങ്ങില്‍ കെട്ടിനിര്‍ത്തുകയും ആവശ്യമായ പ്രഥമ ശിശ്രുഷ നല്‍കി ആശ്വാസം നക്കുകയും തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്തത് വേലായുധന്‍ ആയിരുന്നു.
പേരാമ്പ്ര അഗ്നിരക്ഷാ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെ മൊമെന്റോ നല്‍കി ആദരിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ സി.പി.ഗിരീഷ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ഫയര്‍ സര്‍വീസ് സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍ കുമാര്‍, വിനോദന്‍ പലയാട്ട്, എ.ഭക്തവത്സലന്‍, വി.കെ.നൗഷാദ്, ടി.വിജീഷ് എന്നിവര്‍ സംസാരിച്ചു. പി.സി.പ്രേമന്‍ സ്വാഗതവും വി.കെ.സിധീഷ് നന്ദിയും പറഞ്ഞു.