നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീപ്പിടിത്തം: വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ടൗണില്‍ എല്‍.പി.ജി സിലിണ്ടര്‍ ലീക്കായതിനെ തുടര്‍ന്ന് തീ പടര്‍ന്ന് വെള്ളക്കാന്‍കണ്ടി ഗോപാലന്റെ ചായക്കട കത്തിനശിച്ചു.
കുറ്റ്യാടി കോഴിക്കോട് റോഡില്‍ ടൗണിന്റെ മദ്ധ്യഭാഗത്ത് ഓട്ടോ സ്റ്റാന്റിന്റെ സമീപത്തെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

കടയിലെ എല്‍.പി.ജി സിലിണ്ടര്‍ അഗ്നിബാധക്കിടയില്‍ നിന്നും മാറ്റാന്‍ കഴിയാത്തത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സമീപത്ത് ടെക്്‌സൈല്‍ ഷോപ്പുള്‍പ്പെടെ പത്തോളം കടകളുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീഷിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്. സേന ഗ്യാസ്സ് സിലിണ്ടര്‍ വേഗത്തില്‍ നീക്കം ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു.

അസിറ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്‍, പി.സി പ്രേമന്‍, ഫയര്‍ ഓഫീസര്‍മാരായ ഐ ഉണ്ണികൃഷ്ണന്‍, എ ഷിജിത്ത്, കെ ശ്രീകാന്ത്, കെ.പി വിപിന്‍, പി.എം വിജേഷ്, അശ്വിന്‍ ഗോവിന്ദ്, സനല്‍ രാജ്, സാരംഗ്, ഷിഗിന്‍ ചന്ദ്രന്‍, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍മാരായ പി.വി മനോജ്, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് മാരായ അനീഷ്, രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

summery: fire breaks out in naduvannur town a tea tea shop burnt down