ഭീതി പരത്തി വീണ്ടും പേരാമ്പ്ര പാറാട്ടുപാറ പയന്തുമ്മമലയില്‍ അഗ്നിബാധ; അഗ്നിരക്ഷാസേനയും നാട്ടുകാരും തീയണച്ചു
പേരാമ്പ്ര: സമീപവാസികളില്‍ പരിഭ്രാന്തി പരത്തി പേരാമ്പ്ര പാറാട്ടുപാറ പയന്തുമ്മമലയില്‍ വീണ്ടും അഗ്നിബാധ. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കല്ലോട് പയന്തുമ്മമലയില്‍ വീണ്ടും അഗ്നിബാധ ഉണ്ടായത്. പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
തീപിടിത്തത്തിൽ തണ്ണിക്കുന്നുമ്മല്‍ ഇന്ദിര, നളിനി, സുനില്‍, തോട്ടത്തില്‍ വിശ്വന്‍, പത്മനാഭന്‍ നായര്‍ വെള്ളിമാട്കുന്ന് എന്നിവരുടെ ഉഠമസ്ഥതയിലുള്ള ഉദ്ദേശം മൂന്ന് ഏക്കര്‍ സ്ഥലത്തെ അടിക്കൊടുകളും, റബര്‍, തെങ്ങ്, മരങ്ങള്‍ എന്നിവയ്ക്കാണ് നാശനഷ്ടമുണ്ടായത്.
വാഹനം ചെന്നെത്താത്ത ചെങ്കുത്തായ പ്രദേശമാണിത്. ഇവിടുത്തെ ശക്തമായ കാറ്റും തീ പടരുന്നത് വേഗത്തിലാക്കി. സമീപത്തേയ്ക്ക് സേനയുടെ വാഹനം എത്താന്‍ റോഡില്ലാത്തതും വെള്ളത്തിന്‍റെ ലഭ്യതകുറവും അഗ്നിപ്രതിരോധം ദുഷ്ക്കരമാക്കി.
പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി പച്ചിലകമ്പുകള്‍ വെട്ടി തീ അടിച്ചുകെടു ത്തിയും ഫയര്‍ ബ്രേക്കുകള്‍ തീര്‍ത്ത് ജനവാസമേഖലയിലേക്ക് തീ പടരാതെ തീ നിയന്ത്രണ വിധേയമാക്കി അണച്ചു.