വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി വർധിപ്പിച്ചു; 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി പുതുക്കി
വടകര: വടകര- വില്ല്യാപ്പള്ളി- ചേലക്കാട് റോഡിൻറെ സാമ്പത്തിക അനുമതി 58.29 കോടി രൂപയിൽ നിന്നും 79.11 കോടി രൂപയായി വർധിപ്പിച്ചു. ഭൂമി വിട്ടു തരുന്നവർക്കുള്ള ജീവനോപാധികൾ, നിലനിർത്തുന്നതിനും ,മതിലുകൾ പൊളിച്ചത് മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനുമുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബി തയ്യാറാക്കിയ വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡിൻറെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി സാമ്പത്തിക അനുമതി നൽകി.
കുറ്റ്യാടി വഴി വയനാട്ടിലേക്കും , നാദാപുരം ഭാഗത്തേക്കും എളുപ്പം എത്തിച്ചേരാൻ ആകുന്ന 15.96 കിലോമീറ്റർ നീളമുള്ള വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിൻറെ ശോചനീയാവസ്ഥ കാരണം,പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ എം എബ്രഹാം ഉൾപ്പടെയുള്ളവരുമായി വിവിധ ഘട്ടങ്ങളിലായി കുറ്റ്യാടി, നാദാപുരം എംഎൽഎമാർ നടത്തിയ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളത്.
സമർപ്പിച്ച എസ്റ്റിമേറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കിഫ്ബി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലം വിട്ടു നൽകാൻ ബാക്കിയുള്ള ഭൂവുടമകൾ എത്രയും പെട്ടെന്ന് വിട്ടുനൽകിയാൽ സ്വപ്ന പദ്ധതിയുടെ ടെണ്ടർ നടപടികൾ ഈ വർഷം തന്നെ ആരംഭിക്കാൻ സാധിക്കും. ടൂറിസം രംഗത്തും ,മറ്റ് വ്യവസായ വാണിജ്യ രംഗത്തും ഈ റോഡ് വികസനം വരുന്നതോടെ വലിയ മാറ്റമാണ് ഉണ്ടാവുക.