കൊയിലാണ്ടിയില്‍ വീണ്ടും ചാരിറ്റിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്; വയനാട് സ്വദേശിയായ വൃക്കരോഗിയുടെ പേരില്‍ പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി


കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി. വയനാട് സ്വദേശിയും വൃക്കരോഗിയുമായ യുവാവിന്റെ ചികിത്സാ സഹായത്തിന് എന്ന പേരിലാണ് മൂന്നംഗ സംഘം ജനങ്ങളില്‍ നിന്ന് പണം പിരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സംഘം കൊയിലാണ്ടി മേഖലയില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിച്ചിരുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ തിങ്കളാഴ്ച ആനക്കുളത്ത് നിന്ന് പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തത്.

വാര്‍ഡ് കൗണ്‍സിലറുടെ കത്ത് ഉള്‍പ്പെടെ ഇവര്‍ നാട്ടുകാരെ കാണിച്ചു. എന്നാല്‍ കത്തില്‍ കൗണ്‍സിലറുടെ സീല്‍ ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇവര്‍ വയനാട്ടിലെ വൃക്കരോഗിയായ യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. യുവാവിന്റെ ചികിത്സയ്‌ക്കെന്ന പേരില്‍ മാസങ്ങളായി ഇവര്‍ പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും തുച്ഛമായ തുകയാണ് ഇവര്‍ നല്‍കിയതെന്ന് കുടുംബം പറഞ്ഞു. യുവാവിന്റെ പേരില്‍ ഇനി പണപ്പിരിവ് നടത്തരുത് എന്ന് ഒന്നര മാസം മുമ്പ് സംഘത്തോട് ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞുവെന്നും നാട്ടുകാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ സംഘം നിര്‍ബാധം പിരിവ് തുടരുകയായിരുന്നു.

പണപ്പിരിവിനായി ഉപയോഗിച്ച വാഹനം ഉള്‍പ്പെടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ കൊയിലാണ്ടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രാഥമികമായ അന്വേഷണം നടത്തിയ ശേഷം ഇത്തരത്തില്‍ പണം പിരിക്കരുത് എന്ന ശക്തമായ മുന്നറിയിപ്പ് നല്‍കി പൊലീസ് സംഘത്തെ വിടുകയായിരുന്നു.

നേരത്തേയും കൊയിലാണ്ടിയില്‍ ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘത്തെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ രോഗിയുടെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ബസ് സ്റ്റാന്റില്‍ നിന്ന് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഒരു യുവതിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് ഈ സംഘത്തെ പൊലീസിലേല്‍പ്പിച്ചത്.

Summary: Financial fraud in the name of charity again in Koyilandy. Locals caught a gang who collected money on behalf of a kidney patient from Wayanad