‘ഇനി കാത്തു നിന്ന് മുഷിയേണ്ട’ പെൻഷൻകാർക്ക് ഇരിപ്പിടവും അംഗപരിമിതര്‍ക്ക് റാമ്പും; ആധുനിക സൗകര്യങ്ങളോടെയുള്ള പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി നാളെ നാടിന് സമര്‍പ്പിക്കും


പേരാമ്പ്ര: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പ് വിരാമമാകുന്നു, പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാളെ നാടിന് സമര്‍പ്പിക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ മുരളീധരന്‍ എം.പി മുഖ്യാതിഥിയാകും.

ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. പെന്‍ഷന്‍കാര്‍ക്കുള്ള ഇരിപ്പിടം, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിഗ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, വേളം, അരിക്കുളം, നടുവണ്ണൂര്‍ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴില്‍ വരുന്നത്.

ദിനം പ്രതി നിരവധി പേരെത്തിയിരുന്ന ട്രഷറി ഓഫീസാണ് പേരാമ്പ്രയിലേത്. പഴയ കെട്ടിടം മാറ്റി പുതിയ സബ് ട്രഷറി വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

summary: finance minister K N Balagopal will dedicate the new sub treasury building at perambra tomorrow