ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലിൽ നിന്ന് നീന്തിയെത്തിയ കാട്ടുപന്നി കല്ലുകൾക്കിടയിൽ കുടുങ്ങി
പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവൻ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാർത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മൾ കേൾക്കാറുണ്ട്. എന്നാലിപ്പോൾ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്.
കടലിൽ നീന്തിത്തളർന്ന് അവശനിലയിലായ കാട്ടുപന്നി കടൽഭിത്തിയിലെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണൽത്തിട്ട ഇല്ലാത്തതിനാൽ കടൽഭിത്തിയുടെ കല്ലുകൾക്കിടയിലേക്കാണ് നീന്തിക്കയറിയത്.
മത്സ്യത്തൊഴിലാളിയായ തൈവളപ്പിൽ ടി.വി.കൃഷ്ണനാണ് കാട്ടുപന്നിയെ ആദ്യം കണ്ടത്. ആളുകൾ കൂടിയതോടെ ആദ്യം ഉണ്ടായിരുന്നിടത്ത് നിന്ന് അൽപം ദൂരം ഓടി പന്നി കല്ലുകൾക്കിടയിൽ തന്നെ വീണ്ടും വീണ് കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു വനം വകുപ്പ് ഉദ്യോഗസ്ഥരെയും നഗരസഭാ സെക്രട്ടറിയെയും അറിയിച്ചു. തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.പ്രജീഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് അസിസ്റ്റന്റ് സി.അനൂപ് എന്നിവർ സ്ഥലത്തെത്തി.
പന്നി അവശനിലയിലായതിനാൽ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് വനം വകുപ്പുമായി ബന്ധപ്പെട്ട്, പിടികൂടി വനത്തിൽ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.