കല്ലാച്ചി, നാദാപുരം ടൗണുകളിലെ വോൾട്ടേജ് ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; 3.3 കോടി രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ
നാദാപുരം: കല്ലാച്ചി, നാദാപുരം ടൗണുകളിലെയും തുണേരി ഗ്രാമപ്പഞ്ചായത്തിലെ ചിലപ്രദേശങ്ങളിലെയും പതിവായുള്ള വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനും ഒടുവില്‍ പരിഹാരമാവുന്നു. പലസമയങ്ങളിലും ഓവർലോഡ് കാരണം ഇവിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു.
പ്രദേശങ്ങളില്‍ ‘ദ്യുതി’ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേരള ഇലക്‌ട്രിസിറ്റി ബോർഡ് 3.3 കോടി രൂപ അനുവദിച്ചതായി ഇ.കെ വിജയൻ എം.എൽ.എ അറിയിച്ചു. പുതുതായി നാദാപുരം, കുമ്മങ്കോട്, തൂണേരി ഫീഡറുകളാണ് ആരംഭിക്കുക.
കല്ലാച്ചി, നാദാപുരം ടൗണുകളിലെ കച്ചവടക്കാരുടെയും പൊതുജനങ്ങളുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു പുതിയ ഫീഡർ നിർമാണം. ഈ വിഷയം കഴിഞ്ഞവർഷം എം.എൽ.എ നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിക്കുകയും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുമായും കെ.എസ്.ഇ.ബി. ചെയർമാനുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ചിയ്യൂർ സബ് സ്റ്റേഷനിൽനിന്ന് യു.ജീ കേബിൾ വഴിയാണ് ഫീഡറുകളിലേക്ക് വൈദ്യുതിയെത്തിക്കുക. പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന റോഡ് നവീകരണപ്രവൃത്തികൾക്ക് മുന്നോടിയായി യു.ജീ കേബിൾ ഇടുന്ന പ്രവൃത്തി ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചിതായി എം.എൽ.എ. അറിയിച്ചു.
Description: Finally solution to voltage shortage in Kallachi and Nadapuram towns