അഴിയൂര്‍ പുളിയേരി നട കരുവയൽ റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരം; റോഡ് സഞ്ചാരയോഗ്യമാക്കി ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം


അഴിയൂർ: പുളിയേരി നട കരുവയൽ റോഡിലെ വെള്ളക്കെട്ടിന് ഒടുവില്‍ പരിഹാരമായി. ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം കരുവയലിന്റെ അംഗങ്ങളുടെ നേതൃത്വത്തിലാണ്‌ വെള്ളം കെട്ടിനിന്ന് തോടിന്‌ സമാനമായ റോഡ് സഞ്ചാരയോഗ്യമാക്കിയത്‌. വാർഡ് മെമ്പർ ഫിറോസ് കളാണ്ടിയുടെ സഹകരണത്തോടെയായിരുന്നു അറ്റകുറ്റപ്പണി.

പ്രദേശവാസികളുൾപ്പടെ നിരവധി പേർ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാവുന്ന എളുപ്പവഴി എന്ന നിലയിൽ ആശ്രയിച്ചിരുന്ന റോഡാണ്‌ കരുവയൽ റോഡ്. റോഡിലെ വെള്ളക്കെട്ടിന്‌ പരിഹാരം കാണാത്തതിനെ തുടർന്ന് ഒട്ടേറെ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അത്തരം പ്രതിഷേധത്തിനും ഏറെനാളത്തെ യാത്രാ ദുരിതത്തിനുമാണ് ഇതോടെ പരിഹാരമായത്‌.

ഫൈറ്റേഴ്‌സ് അക്ഷയ കലാകേന്ദ്രം പ്രസിഡന്റ് അനൂപ് തട്ടാൻ കണ്ടി, സെക്രട്ടറി പ്രശാന്ത് പാണിശേരി, സജീവൻ വലിയപറമ്പത്ത്, കലേഷ്, മിഥുൻലാൽ, ബിജു കണ്ടിത്താഴ,ശരത് ലാൽ, ബബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.