‘പോരാട്ടം പിണറായിസത്തിനെതിരെ, നിലമ്പൂരിൽ മത്സരിക്കില്ല’; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു


തിരുവനന്തപുരം: പി വി അൻവ‍ർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ നിയമ സഭാ സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. സ്പീക്കർ എ എൻ ഷംസീർ രാജിക്കത്ത് സ്വീകരിച്ചു. രാജിക്കത്ത് ഈ മാസം 11ന് കൊൽക്കത്തയിൽ വെച്ച് ഇ മെയിൽ വഴി സ്പീക്കർക്ക് കൈമാറിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇന്ന് നേരിട്ടെത്തി അദ്ദേഹത്തിന് രാജിക്കത്ത് സമർപ്പിച്ചതെന്നും പിവി അൻവർ മാധ്യമങ്ങലോട് പറഞ്ഞു.

പിണറായിസത്തിനെതിരെ അഞ്ച് മാസമായി പോരാടുന്ന തനിക്ക് പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി. മലയോര മേഖലയിൽ വനമൃഗ ശല്യം നേരിടുന്നവർക്കായി പോരാടുമെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. കോൺ​ഗ്രസ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിൻതുണ നൽകുമെന്നും അദ്ധേഹം വ്യക്തമാക്കി.

നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി.