നാടും വീടും ഉണര്‍ന്നു, ഇനി ലോകകപ്പിന്റെ രാവുകള്‍; ആരവങ്ങളും ആഘോഷങ്ങളുമായി പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ്


പേരാമ്പ്ര: പേരാമ്പ്രയില്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് ആരാധകരുടെ ആവേശകരമായ ബൈക്ക് റാലിയും പ്രകടനങ്ങളും നടന്നു. വ്യത്യസ്ത ടീമുകളുടെ ജേഴ്‌സിയും കൊടികളുമായി നിരവധി പേരാണ് പങ്കെടുത്തത്. മേപ്പയ്യൂരില്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി.

മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച റാലിയില്‍ വിവിധ ടീമുകളുടെ ആരാധകരും കായികപ്രേമികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ അണിനിരന്നു. വിവിധ ടീമുകളുടെ പതാകയേന്തി, താളമേളങ്ങളും വര്‍ണ്ണ ബലൂണുകളും അലങ്കരിച്ച വാഹനങ്ങളും നൂറുകണക്കിന് ഇരു ചക്രവാഹനങ്ങളും റാലിക്ക് വര്‍ണ്ണപ്പൊലിമയേകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍ , ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ വി.പി.ബിജു, കെ.എം.പ്രസീത, ദീപ കേളോത്ത്, പി.പ്രകാശന്‍, പി.പ്രശാന്ത് എന്നിവരും കെ.രതീഷ്, പി.കെ.ഷിംജിത്ത്, സി.കെ.ധനേഷ്, കെ.എം.ലിഗിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവിധ പഞ്ചായത്തുകളുടെയു ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ഷനങ്ങള്‍ക്കും തുടക്കമായി. പേരാമ്പ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷനു സമീപവും ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇ.എം.എസ് സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പവലിയനിലുമാണ് പ്രദര്‍ശനം നടക്കുന്നത്.