അവര്‍ ഒത്തൊരുമിച്ച് ലോകകപ്പ് ആദ്യ മത്സരം കണ്ടു; ഖത്തര്‍ സ്‌റ്റേഡിയത്തിലെ അതേ ആവേശത്തോടെ, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം


മേപ്പയ്യൂര്‍: ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ആവേശം ചോരാതെ മേപ്പയ്യൂര്‍. മേപ്പയ്യൂരിലെ കായിക പ്രേമികള്‍ക്ക് ഈ ലോകകപ്പിന് വലിയ എല്‍.ഇ.ഡി വീഡിയോ വാളില്‍ കളി കാണാം. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ഉള്ള ജനകീയ കൂട്ടായ്മയാണ് ഇത്തരമൊരു സംരംഭത്തിനു പുറകില്‍.

ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ ഒരു പൊതു ഇടം വേണമെന്നത് കായിക പ്രേമികളുടെ ആകെ ആവശ്യമായിരുന്നു. മുഴുവന്‍ യുവജന സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും, ഫാന്‍സ് അസോസിയേഷനുകളും എല്ലാം ഒന്നിച്ചപ്പോള്‍ ആ സൗകര്യം ഒരുങ്ങി. നൂറുകണക്കിന് കായിക പ്രേമികളാണ് ആദ്യദിവസം ബിഗ് സ്‌ക്രീനില്‍ കളി കാണാന്‍ ഒഴുകി എത്തിയത്.

വരും ദിവസങ്ങളില്‍ കളി കാണുന്നതിനൊപ്പം ഷൂട്ട് ഔട്ട് മത്സരങ്ങളും, സംവാദങ്ങളും, വിവിധങ്ങളായ കലാ പരിപാടികളും, ഫുഡ് ഫെസ്റ്റും, ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു. ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ സി.കെ ധനേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഫുട്‌ബോള്‍ പ്രവചന മത്സരത്തിന്റെ കൂപ്പണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കുഞ്ഞിരാമന് നല്‍കി നിര്‍വഹിച്ചു. എന്‍.പി ശോഭ, വി.സുനില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, അമല്‍ ആസാദ്, സുനില്‍ ഓടയില്‍, ആര്‍.കെ രമേശന്‍, കെ.വി നാരായണന്‍, സുഹാനാദ് സിപി, ലബീബ് അഷറഫ്, ഷംസുദ്ധീന്‍ കമ്മന തുടങ്ങിയവര്‍ സംസാരിച്ചു.