കള്ളക്കടൽ പ്രതിഭാസം: കൊയിലാണ്ടി നന്തി കടപ്പുറത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു
കൊയിലാണ്ടി: നന്തിക്ക് സമീപം മുത്തായം കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഫൈബർ വള്ളവും എഞ്ചിനും തകർന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുത്തായം കോളനിയിലെ ഷംസുവിന്റെ ഫൈബർ വള്ളവും എഞ്ചിനുമാണ് തകർന്നത്.
കരയിൽ കയറ്റി വച്ചിരുന്ന ടി.പി മറിയാസ് എന്ന വള്ളവും എഞ്ചിനും പാറയിൽ തട്ടി തകർന്നിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് വെള്ളം കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. താഴെ പുത്തലത്ത് സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ പുതിയങ്ങാടി ബീച്ച് റോഡ്, നീരൊഴുക്കുംചാൽ, കക്കാടൻചാൽ തീരങ്ങളിലും റോഡുകളിലും വെള്ളം കയറിയിരുന്നു.