ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപ് വീണ്ടും ഉരുൾപൊട്ടൽ; കഴിഞ്ഞ ദിവസം വിലങ്ങാട് മഞ്ഞക്കുന്നിൽ പൂർണമായും ഉരുളെടുത്തത് 13 വീടുകൾ, ഒരു മനുഷ്യായുസ്സിന്റെ അധ്വാനവും സ്വപ്നവും തകർന്ന ഞെ‌ട്ടലിൽ മഞ്ഞക്കുന്നുകാർ


വിലങ്ങാട്: വിലങ്ങാടുകാർക്ക് ഇത് വേദനാജനകം ഏതാനും വർഷം മുൻപുണ്ടായ ഉരുൾപ്പൊട്ടലിന്റെ നടുക്കം മാറുന്നതിന് മുൻപാണ് രണ്ട് ദിവസം മുൻപ് വീണ്ടും വിലങ്ങാട് ഉരുൾപൊട്ടിയത്. 2018 ലും 19 ലും അടുപ്പിൽ കോളനി, ആലിമൂല എന്നിവിടങ്ങളിലായിരുന്നു ഉരുൾപൊട്ടിയത്. ഈ ദുരന്തത്തിൽ നാല് പേരാണ് മരണമടഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു. ഒരുപാട് വീടുകളും തകർന്നു.

ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിൽ കവർന്നത് നാട്ടുകാരുടെ പ്രിയപ്പെട്ട മാത്യു മാഷിന്റെ ജീവനാണ്. കൂടാതെ 13 വീടുകൾ പൂർണമായും ഉരുൾ കവർന്നെടുത്തു. ഭാ​ഗീകമായി തകർന്ന വീടുകളുടെ കണക്ക് ഇതുവരെ കൃത്യമല്ല. കാരണം കുന്നിൻ മുകളിലേക്ക് കയറിപോകാൻ ഉദ്യോ​ഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. മഴ തുടരുന്നതിനാൽ ഉരുൾ പൊട്ടാൻ ഇനിയും സാധ്യതയുണ്ട്. ഇതിനാൽ സുരക്ഷ കണക്കിലെടുത്ത് ഉദ്യോ​ഗസ്ഥർക്ക് കുന്നിൻ മുകളിലേക്ക് കയറാനാകില്ല.

ആറ് ക്യാമ്പുകളിലായി 600 ഓളം പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതിൽ മഞ്ഞക്കുന്ന് പാരിഷ് ഹാൾ, പാലൂര്, കുറ്റല്ലൂര് എന്നിവിടങ്ങളിലെ ക്യാമ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വെള്ളിയോട് സ്കൂളിലേക്ക് മാറ്റി. ഭാ​ഗീകമായി തകർന്ന വീടുകളിൽ താമസയോ​ഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ എത്രയും പെട്ടെന്ന് പദ്ധതികൾ നടപ്പിലാക്കണമെന്ന് വാണിമേൽ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെടുന്നു .

2019-ലെ പ്രളയത്തിൽ തകർന്നതിനുശേഷം കോടികൾ മുടക്കി മാസങ്ങൾക്കുമുമ്പ്‌ ഉദ്ഘാടനംചെയ്ത ഉരുട്ടിപ്പാലം ഭാ​ഗീകമായി തകർന്നിട്ടുണ്ട്. വിലങ്ങാടിനേയും നരിപ്പറ്റേയും ബന്ധിപ്പിക്കുന്ന പാലമാണിത്. വിലങ്ങാട്- വാണിമേൽ റോഡ്, വിലങ്ങാട്- കുറ്റല്ലൂർ, വിലങ്ങാട്- പാലൂർ റോഡ് തുടങ്ങിയവയും നശിച്ചിട്ടുണ്ട്. മഞ്ഞക്കുന്നിലേക്ക് ഇപ്പോൾ ജെസിബി ഉപയോ​ഗിച്ച് താത്ക്കാലിക റോ‍ഡ് ഉണ്ടാക്കിയിട്ടുണ്ട്.