പനി പിടിച്ച് കേരളം; പേരാമ്പ്രയും കൂരാച്ചുണ്ടും ഹോട്ട്‌സ്‌പോട്ടുകള്‍, ജാഗ്രത
പേരാമ്പ്ര: സംസ്ഥാനത്ത് ഡെങ്കി പനി കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ജില്ലയിലെ വിവിധ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തരം തിരിച്ചു. കൂരാച്ചുണ്ട്, പേരാമ്പ്ര, മുക്കം, കൊടുവള്ളി എന്നീ പ്രദേശങ്ങളടക്കമുള്ള മേഖലകള്‍ ജില്ലയിലെ ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പാണ് ഈ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചത്.
കോഴിക്കോടും കൊല്ലത്തും 20 വീതം മേഖലകളാണുള്ളത്. കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ വരുന്ന പ്രദേശങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ട്‌സ്‌പോട്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡെങ്കി കേസുകള്‍ കൃത്യമായി മാപ്പ് ചെയ്ത് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിലവില്‍ ഡെങ്കി കേസുകള്‍ നിയന്ത്രണത്തിലാണെങ്കിലും ഡെങ്കിപ്പനി ഭീഷണി ജില്ലയില്‍ പലയിടത്തുമുണ്ട്. രോഗം പടര്‍ത്തുന്ന ഈഡിസ് ആല്‍ബോപിക്റ്റഡ് , ഈഡിസ് ഈജിപ്റ്റി കൊതുകുകളുടെ സാന്ദ്രത വളരെയധികമാണ് പലയിടത്തും. വെയിലും ചെറിയമഴയുള്ള കാലാവസ്ഥയും കൊതുകിന് മുട്ടയിട്ട് പെരുകാന്‍ സാധ്യത കൂടും.