ആശുപത്രി കിടക്കയിൽ കിടന്ന് മകളെ നിക്കാഹ് ചെയ്തു കൊടുത്ത് പിതാവ്; വേറിട്ട വിവാഹത്തിന് വേദിയായി തലശ്ശേരിയിലെ സഹകരണ ആശുപത്രി
തലശ്ശേരി: പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്ത് കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീറിന്റെ മുഖത്ത്.
തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ് രണ്ട് കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന് വേദിയായത്. വിവാഹ വസ്‌ത്രമണിഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കു മൊപ്പമെത്തിയ വരൻ ഇരിട്ടി സ്വദേശി ഷാനിസിന് മകള്‍ ഫിദയെ ആശുപത്രി കട്ടിലില്‍ കിടന്നുകൊണ്ട് ബഷീർ തീരുമാനിച്ചുറപ്പിച്ച ദിവസം നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു.
ഡിസംബർ മൂന്നിനാണ് ബഷീറിന് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രക്കിടയില്‍ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഭാര്യയും കുട്ടിയും വലിയ പോറലില്ലാതെ രക്ഷപ്പെട്ടു. ബഷീറിന്‍റെ തുടയെല്ല് പൊട്ടിയതിനാല്‍ ദിവസങ്ങള്‍ നീണ്ട ചികിത്സക്കായി ആശുപത്രിയിലായി. മകളുടെ വിവാഹം മാറ്റിവെക്കാനാണ് ആദ്യം ആലോചിച്ചത്. ഒടുവില്‍ നിശ്‌ചയിച്ച ദിവസം ആശുപത്രിയില്‍ നിക്കാഹ് നടത്താൻ തീരുമാനിച്ചു.
ആശുപത്രി അധികൃതർ നിക്കാഹിന് പ്രത്യേക മുറി ഒരുക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. വിവാഹത്തിന് സാക്ഷികളായി ബന്ധുക്കളും ആശുപത്രി അധികൃതരുമായി ഏതാനും പേർ. പൊന്ന്യം സറാമ്പിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കള്‍ക്കുമൊപ്പം ബഷീർ താമസിക്കുന്നത്.
Summary: Father married his daughter while lying in the hospital bed; Co-operative Hospital in Thalassery is the venue for a separate wedding