‘പന്നിയെ കൊല്ലാന്‍ അനുമതിനല്‍കിയപ്പോഴും തോക്ക് ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രയോജനം ലഭിച്ചില്ല’; പേരാമ്പ്രയില്‍ നടന്ന വനസദസ്സില്‍ ചര്‍ച്ചയായത് വനമേഖലയിലെ കര്‍ഷകര്‍ നേരിടുന്ന ആശങ്കകള്‍


പേരാമ്പ്ര: വനംവകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസ്സില്‍ പ്രധാനമായും ഉയര്‍ന്നത് വന്യമൃഗശല്യത്തെത്തുടര്‍ന്നുള്ള ദുരിതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്. പന്നിയെ കൊല്ലാന്‍ അനുമതിനല്‍കിയപ്പോഴും തോക്ക് ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രയോജനം ലഭിക്കാതായെന്ന് പലരും പരാതിപ്പെട്ടു. വന്യമൃഗശല്യം ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായ നടപടി വേണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ കൊല്ലാന്‍ അനുവാദം നല്‍കുന്നതുപോലെ ഇവിടെയും അനുമതിവേണമെന്നും കൊല്ലുന്ന മൃഗങ്ങളെ പഞ്ചായത്ത് മുഖേന വില്‍പ്പനനടത്താന്‍ നടപടി വേണമെന്നും കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം കാലോചിതമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ് വികസനവും റോഡ് നിര്‍മാണവുമടക്കമുള്ള വിഷയങ്ങള്‍ വനംനിയമത്തിന്റെ സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് മുടങ്ങുന്ന കാര്യം കെ.എ. സച്ചിന്‍ദേവ് എം.എല്‍.എ. ഉന്നയിച്ചു. വനംനിയമങ്ങള്‍ കാലാനുസൃതമായി മാറേണ്ടതിന്റെ ആവശ്യകതയും പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ള ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

103 പേര്‍ ഭൂമിയേറ്റെടുക്കല്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടും രണ്ടുവര്‍ഷമായി കാത്തിരിക്കുകയാണ്. 14 പേര്‍ക്കുമാത്രമാണ് ഭാഗികമായി ഇതുവരെ സഹായം ലഭ്യമായതെന്ന് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പരാതിപ്പെട്ടു. എല്ലാ അപേക്ഷകളും ഒരേസമയം പരിഗണിക്കുമെന്ന് നേരത്തേ തീരുമാനിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായതായും കുറ്റപ്പെടുത്തി.

ഏറെക്കാലമായി പരിഹരിക്കാത്ത 123 പേരുടെ ഭൂമിപ്രശ്‌നമാണ് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ചൂണ്ടിക്കാട്ടിയത്. കര്‍ഷകരുടെ പരാതിയില്‍ ഭൂനികുതി സ്വീകരിക്കാന്‍ നടപടിയായെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പുള്ളതിനാല്‍ ഭൂമി ക്രയവിക്രയംചെയ്യാനും മരങ്ങള്‍ മുറിക്കാനും റബ്ബര്‍ നടാനുമെല്ലാം തടസ്സം നേരിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പന്നിയും കുരങ്ങും ആനയുമെല്ലാം ഇറങ്ങുന്നതുകാരണം കൃഷിയുപേക്ഷിച്ച് ജനങ്ങള്‍ മാറി താമസിക്കേണ്ടിവരുന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു. അഞ്ചുകിലോമീറ്റര്‍ സ്ഥലത്ത് വേലി സ്ഥാപിക്കണം. കക്കയം ടൂറിസം സെന്ററില്‍ വനംവകുപ്പും കെ.എസ്.ഇ.ബി.യും രണ്ട് ഫീസ് വാങ്ങുന്നത് ജനങ്ങള്‍ക്ക് അധിക ഭാരമാകുന്നുവെന്നും പ്രസിഡന്റ് പരാതിപ്പെട്ടു.

ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍വികസനം നടപ്പാക്കിയില്ലെങ്കില്‍ പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ആവശ്യപ്പെട്ടു. സോളാര്‍ വേലി കെട്ടുന്നതില്‍ പഞ്ചായത്ത് ഫണ്ട് വെക്കുമ്പോള്‍ ഗുണഭോക്തൃവിഹിതം നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.