‘സർക്കാറുകളുടെ ഇരട്ടത്താപ്പ് നമ്മൾ മനസ്സിലാക്കി, ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂ’; സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം
പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം. നാളെ വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറ അങ്ങാടിയിലാണ് പരിപാടി. രാഷ്ട്രീയ-ജാതി-മതഭേദമന്യെ നടക്കുന്ന കർഷക പ്രതിഷേധം കൂരാച്ചുണ്ട് ഫെറോന വികാരി ഫാദർ വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
മലയോര കർഷകരെ അവർ അധ്വാനിച്ച് വളർന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇരട്ടത്താപ്പ് കർഷകർ മനസിലാക്കിയെന്നും അതിനാൽ ഇനി ഒന്നിച്ചുള്ള പോരാട്ടം മാത്രമേ വഴിയുള്ളൂവെന്നും കർഷക പ്രതിഷേധത്തെ കുറിച്ചുള്ള പ്രസ്താവനയിൽ ഫാദർ വിൻസന്റ് കണ്ടത്തിൽ പറഞ്ഞു.