‘മണ്ണില്‍ പണിയെടുക്കുന്നവരെ കുടിയിറക്കിക്കൊണ്ട് വന്യജീവികളെ ആവശ്യമില്ല’; ബഫര്‍ സോണിനെതിര ചക്കിട്ടപാറയില്‍ കര്‍ഷക പ്രതിഷേധം
പേരാമ്പ്ര: ബഫര്‍ സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ചക്കിട്ടപാറയില്‍ കര്‍ഷക റാലിയും പൊതുസമ്മേളനവും നടന്നു. മണ്ണില്‍ പണിയെടുക്കുന്നവരെ കുടിയിറക്കിക്കൊണ്ട് വന്യജീവികളെ ഇവിടെ ആവശ്യമില്ലെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിന്‍സെന്റ്് കണ്ടത്തില്‍ പറഞ്ഞു. നമ്മുടെ മണ്ണ് ആര്‍ക്കും വിട്ടുകൊടുക്കില്ല. നമ്മുടെ കൃഷിഭൂമിയില്‍ നമ്മള്‍ തന്നെ കൃഷി ചെയ്യും. ഇവിടെയുള്ള സര്‍ക്കാറുകള്‍ കണ്ണു തുറക്കണം. വിയര്‍പ്പൊഴുക്കി കഠിനാധ്വാനത്തിലൂടെയുമാണ് കര്‍ഷകര്‍ മണ്ണ് പൊന്നാക്കിയത്. മുതലക്കണ്ണീരൊഴുക്കുന്നവര്‍ ഹര്‍ത്താല്‍ നടത്തുകയല്ല മറിച്ച്, ഇഛാ ശക്തി പ്രകടിപ്പിച്ച് കര്‍ഷക രക്ഷക്കായി കര്‍മ്മനി മതരായി നിലകൊള്ളുകയാണു വേണ്ടതെന്നും ഫാ.വിന്‍സെന്റ് പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സ്ത്രീകളും യുവാക്കളും കുട്ടികളുമടക്കം ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള അശാസ്ത്രീയമായ ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനെതിരെ നിയമനിര്‍മാണം നടത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
വി. ഫാം കര്‍ഷക സംഘടന ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ പള്ളി വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, അഡ്വ.സുമിന്‍ എസ്. നെടുങ്ങാട് വിഷയാവതരണം നടത്തി. കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.തോമസ് കളപ്പുരയ്ക്കല്‍, ബോണി ആനത്താനത്ത്, ബാബു കൂനംതടത്തില്‍, ബാബു പുതുപറമ്പില്‍, തോമസ് വെളിയംകുളം, ജോണ്‍സണ്‍ കക്കയം, സിമിലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.