ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ; റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ ജില്ലയില്‍ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌ക് തുടങ്ങി കര്‍ഷക സംഘടന കിഫ
കോഴിക്കോട്: ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കര്‍ഷകര്‍. കേരള സ്വതന്ത്ര കര്‍ഷക സംഘടന (കിഫ)യാണ് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. മറ്റ് വില്ലേജുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങുമെന്ന് ഇവര്‍ അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങാന്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ബഫര്‍സോണിനെച്ചൊല്ലി മലയോര മേഖലയില്‍ ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമാകുന്ന സ്ഥിതിയാണ്. ബഫര്‍ സോണിലെ ജനവാസ കേന്ദ്രങ്ങള്‍ നിശ്ചയിക്കാന്‍ നടന്ന ആകാശ സര്‍വേയെ ചൊല്ലി നൂറു കണക്കിന് പരാതികള്‍ ആണ് ഉയരുന്നത്.
ബഫര്‍ സോണില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്കും പഞ്ചായത്തുകളിലെ ഹെല്‍പ് ഡെസ്‌കിനും ലഭിക്കുന്ന പരാതികളില്‍ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീല്‍ഡ് സര്‍വേ നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ജനവാസ മേഖലകളെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. സര്‍വേയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ ഇന്നും അടുത്ത ചൊവ്വാഴ്ചയുമായി വിദഗ്ധസമിതി യോഗം ചേരും.