‘ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗം ഭൂമിയും ബഫര്‍ സോണില്‍, കൃത്യമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതി’; പ്രതിഷേധ റാലിയുമായി കർഷകർ


കൂരാച്ചുണ്ട്: ബഫര്‍സോണ്‍ വിഷയത്തില്‍ കൂരാച്ചുണ്ട് മലയോര മേഖലയില്‍ ഇന്ന് സമരം തുടങ്ങും. താമരശ്ശേരി രൂപത കെ.സി.ബി.സിയുടെയും കര്‍ഷക സമിതികളുടെയും നേതൃത്വത്തിലാണ് സമരം. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ബഫര്‍സോണ്‍ അതിര്‍ത്തി തീരുമാനിക്കണമെന്നാണ് ആവശ്യം. നിലവില്‍ പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സര്‍വേ നമ്പറിലെ ഭൂമിയും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളുടെയും വീടുകളുടെയും കൃത്യമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും പരാതി ഉയരുന്നു.

കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേത്യത്വത്തില്‍ ഇന്ന് വൈകുന്നേരം കൂരാച്ചുണ്ടില്‍ പ്രതിഷേധറാലി നടക്കും. ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട്ടില്‍നിന്നും കൂരാച്ചുണ്ടിലെ കക്കയത്ത് നിന്നും തുടങ്ങുന്ന രണ്ട് ജാഥകള്‍ കൂരാച്ചുണ്ടില്‍ സംഗമിക്കും.

കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ ഭാരവാഹികളായ ബോണി ജേക്കബ്, ജോണ്‍സണ്‍ തോമസ് പൂകമല, സുമിന്‍ എസ്.നെടുങ്ങാടന്‍, കുര്യന്‍ ചെമ്പനാനി എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും.

മഹാറാലിക്ക് ശേഷം വൈകുന്നേരം നടക്കുന്ന സമ്മേളനം താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും.