സംരക്ഷണഭിത്തിയില്ല, കൂരാച്ചുണ്ടില്‍ ഓഞ്ഞില്‍ ചെറുപുഴയുടെ തീരമിടിയുന്നു; കൃഷിഭൂമി പുഴ കവരുന്നതില്‍ ആശങ്കയൊഴിയാതെ കര്‍ഷകര്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കൃഷിഭൂമി പുഴയോരം കവരുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക. പുഴകള്‍ക്ക് സംരക്ഷണഭിത്തികെട്ടാത്തതാണ് വലിയതോതില്‍ തീരമിടിയുന്നതിന് കാരണമാകുന്നത്. ഓഞ്ഞില്‍ ചെറുപുഴയുടെ തീരമിടിഞ്ഞതോടെ നിരവധി കര്‍ഷകരുടെ ഭൂമിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാംമുക്ക് മുതല്‍ പുളിവയല്‍വരെയുള്ള ഭാഗങ്ങളിലും ഓഞ്ഞില്‍ ഭാഗത്തും പുഴയോരത്തുള്ള തെങ്ങ്, കവുങ്ങ്, റബ്ബര്‍, കൊക്കോ തുടങ്ങിയവയ്ക്കാണ് കാലങ്ങളായി നാശം വന്നുകൊണ്ടിരിക്കുന്നത്.
ചെക്ക്ഡാമുകളുടെ സംരക്ഷണഭിത്തി മാത്രമാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ ഇടിഞ്ഞതിനു പുറമെ കാലവര്‍ഷമായപ്പോഴേക്കും വീണ്ടും പലയിടങ്ങളും തീരമിടിഞ്ഞു. പ്രദേശത്തെ കൃഷിയിടങ്ങള്‍ പലതും ഇതോടെ പുഴ കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളുള്ളതിനാലും ഉറപുള്ള സംരക്ഷണഭിത്തി അത്യാവശ്യമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ചിലയിടങ്ങളില്‍ ജലസേചനവകുപ്പ് സംരക്ഷണഭിത്തി കെട്ടിയിരുന്നു. പ്രദേശവാസികള്‍ ചെറുകിട ജലസേചനവകുപ്പിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വകുപ്പധികൃതര്‍ മൂന്നാം മുക്ക് മുതല്‍ ഒരുകിലോമീറ്റര്‍ ദൂരത്തില്‍ കരിങ്കല്‍ഭിത്തി നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ തുടര്‍നടപടികള്‍ വൈകുന്ന സാഹചര്യമാണുള്ളത്. ഫണ്ട് കുറവായതിനാല്‍ ചെറുകിട ജലസേചനവകുപ്പിനും ഇക്കാര്യത്തില്‍ പരിമിതികള്‍ ഏറെയാണെന്ന് അധികൃതര്‍ പറയുന്നു.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ചെറുകിട ജലസേജന വകുപ്പുമായി സഹകരിച്ചും എത്രയും പെട്ടന്ന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.
summary: farmers are worried about the encroachment of koorachund agricultural land along the river