തേങ്ങ വില കൂപ്പുകുത്തി; തേങ്ങലിലായി കര്‍ഷകര്‍, സംഭരണവും അവതാളത്തില്‍


പേരാമ്പ്ര: വില വീണ്ടും കൂപ്പുകുത്തിയതോടെ നാളികേര കര്‍ഷകര്‍ പെരുവഴിയില്‍. ഉല്‍പാദന ചെലവിന്റെ പകുതിപോലും ലഭിക്കാതായതോടെ തെങ്ങില്‍നിന്ന് തേങ്ങ പറിക്കുന്നതുവരെ നിര്‍ത്തിയിരിക്കുകയാണ് പല കര്‍ഷകരും.

നിലവില്‍ കിലോയ്ക്ക് 24 രൂപയാണ് തേങ്ങയ്ക്ക് വില ലഭിക്കുന്നത്. ഒരുമാസം മുമ്പ് 28 രൂപയുണ്ടായിരുന്നതാണിപ്പോള്‍ കുറഞ്ഞ് 24ല്‍ എത്തിയത്. വില മുമ്പ് വര്‍ധിച്ചതില്‍ പിന്നെ ഇത്രകണ്ട് കുറഞ്ഞിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നാളികേരത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലതന്നെ 32 രൂപയാണെന്നിരിക്കെയാണ് വില ഇത്രയും കുറഞ്ഞത്.

സഹകരണ സംഘങ്ങള്‍ നാളികേരം സംഭരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തതാണ് വില ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജില്ലയില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ മിക്കവരും നാളികേരം പൊതുവിപണിയില്‍ കിട്ടുന്നവിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയിലാണ്.

തമിഴ്‌നാട്ടിലേക്കാണ് നാളികേരം ഏറെയും കയറ്റിപ്പോകുന്നത്. എന്നാല്‍, കാലാവസ്ഥ അനുകൂലമായതോടെ മുമ്പത്തേക്കാള്‍ കേരളത്തില്‍ ഉല്‍പാദനം വര്‍ധിച്ചതും കുറഞ്ഞ ചെലവില്‍ തമിഴ്‌നാട്ടില്‍ വലിയതോതില്‍ നാളികേരം ഉല്‍പാദിപ്പിക്കുന്നതുമാണ് ആവശ്യവും വിലയും കുറയാന്‍ കാരണം. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് നാളികേര വില കിലോക്ക് 44 വരെ എത്തിയിരുന്നു.
അതാണിപ്പോള്‍ പകുതിയോളമായത്. ഈ നില തുടര്‍ന്നാല്‍ ഈ രംഗത്ത് തുടരുക പ്രയാസകരമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

summary: farmers are suffering due to fall in coconut price again