രാമചന്ദ്രൻ ഒരിക്കല്‍ക്കൂടി ഇടപ്പള്ളി ‘നീരാഞ്ജനത്തിൽ’ തിരികെയെത്തി, ഉള്ളുലഞ്ഞ് ഉറ്റവര്‍; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. തുടര്‍ന്ന് 12.30 മണിക്ക് ചങ്ങമ്പുഴ പാര്‍ക്കില്‍ അനുശോചന യോഗം നടത്തും.

ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ ചൊവ്വാഴ്ച മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
Description: Farewell to N. Ramachandran, who died in the Pahalgam terror attack