മികച്ച അധ്യാപകന്‍, അടിയുറച്ച ഇടതുപക്ഷ പ്രവര്‍ത്തകന്‍, മണിയൂരിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം; വെള്ളറക്കാട്ടെ വാഹനാപകടത്തില്‍ മരിച്ച മണിയൂരിലെ കൃഷ്ണന്‍ മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്
മണിയൂര്‍: ദേശീയപാതയില്‍ വെള്ളറക്കാട് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഇ.കൃഷ്ണന്‍ മാസ്റ്റര്‍ക്ക് കണ്ണീരോടെ വിട ചൊല്ലി നാട്. മണിയൂരിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മാഷിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം മടങ്ങി വരവെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കൃഷ്ണന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മാസ്റ്റര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റിരുന്നു. എല്ലാവരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കൃഷ്ണന്‍ മാസ്റ്ററുടെയും ഭാര്യ ശാരദ ടീച്ചറിടെയും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രാത്രിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മണിയൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു കൃഷ്ണന്‍ മാസ്റ്റര്‍. പിന്നീടാണ് പയ്യോളി അങ്ങാടിയിലേക്ക് താമസം മാറുന്നത്. സി.പി.എം തുറയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം പയ്യോളി ഏരിയാ അംഗം, കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കൗണ്‍സിലര്‍, വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മണിയൂര്‍ ഗ്രാമീണ കലാവേദിയുടെയും ജനതാ ലൈബ്രറിയുടെയും രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണന്‍ മാസ്റ്റര്‍. 1971 മുതല്‍ 1973 വരെ ലൈബ്രറി സെക്രട്ടറിയായിരുന്ന അദ്ദേഹം ദീര്‍ഘകാലം ലൈബ്രറി പ്രവര്‍ത്തക സമിതി അംഗവുമായിരുന്നു.
തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപകനായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കെയാണ് 1996 ല്‍ വിരമിച്ചത്. കിഴിശ്ശേരി ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്നങ്ങോട്ട് നിരവധി സ്‌കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്.