പ്രശസ്ത സിനിമ-സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സിനിമ – സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. നടൻ ബാലൻ കെ.നായരുടെ മകനാണ്.
ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. പി.എൻ.മേനോൻ സംവിധാനം ചെയ്‌ത‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമാ രംഗത്തേയ്ക്കു പ്രവേശിക്കുന്നത്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അഭിനയിച്ച അവസാന ചിത്രം.
സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ: സുസ്മിത, മകൾ: പാർവതി.
Description: Famous film-serial actor Meghanathan passed away