”മൂത്തമകന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീയിടാന്‍ നോക്കി, നട്ടെല്ലിന് പരിക്കേറ്റത് ഹെല്‍മറ്റുകൊണ്ട് അടികിട്ടിയതിനെ തുടര്‍ന്ന്’ ; ചെറുവണ്ണൂരില്‍ യുവതിയ്ക്കുനേരെ മുന്‍ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം ക്രൂരപീഡനങ്ങളുടെ തുടര്‍ച്ചയെന്ന് കുടുംബം


ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ മുന്‍ ഭര്‍ത്താവില്‍ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ഇയാള്‍ ഭര്‍ത്താവായിരിക്കെ നേരിടേണ്ടിവന്നത് ക്രൂരപീഡനമെന്ന് കുടുംബം. ആക്രമണത്തിന് ഇരയായ പ്രവിഷയേയും മക്കളെയും പ്രതിയായ പ്രശാന്ത് പലരീതിയില്‍ പീഡിപ്പിച്ചിരുന്നെന്നാണ് പ്രവിഷയുടെ അമ്മ പറയുന്നത്.

പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോഴാണ് പ്രവിഷ വിവാഹമോചനം ചെയ്തതെന്നും സ്വന്തം മകനെ വരെ അയാള്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ‘വിവാഹത്തിന് ശേഷം പതിമൂന്ന് വര്‍ഷമാണ് പ്രവിഷയും പ്രശാന്തും ഒരുമിച്ച് ജീവിച്ചത്. രണ്ടു മക്കളും ജനിച്ചു. ഇക്കാലയളവിലെല്ലാംപ്രവിഷയെ പ്രശാന്ത് ഉപദ്രവിക്കുമായിരുന്നു. പ്രത്യേകിച്ച് മദ്യപിച്ചതിന് ശേഷം. പീഡനം സഹിക്കാനാകാതെ വരുമ്പോള്‍ പ്രവിഷ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രശാന്ത് അവിടെ എത്തുകയും അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യുമായിരുന്നു.’

പ്രവിഷയെ മാത്രമല്ല, മാതാപിതാക്കളെയും മക്കളെയും വരെ പ്രശാന്ത് ഉപദ്രവിക്കുന്ന ഘട്ടത്തിലെത്തിയെന്ന് അമ്മ പറയുന്നു. ‘പ്രവിഷയുടെ കണ്ണിനും നട്ടെല്ലിനും പ്രശാന്തിന്റെ പീഡനത്തില്‍ സാരമായി പരിക്കേറ്റു. ഒരിക്കല്‍ മദ്യപിച്ച് വന്നതിന് ശേഷം മൂത്തമകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടാന്‍ നോക്കി. അയല്‍ക്കാരനാണ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ സ്‌കൂളില്‍ പോയി കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭീഷണി കൂടി വന്നപ്പോള്‍ രണ്ടരവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രവിഷ ഇയാളില്‍നിന്ന് വിവാഹമോചനം നേടിയത്.

വിവാഹമോചനത്തിന് ശേഷം കുറച്ച് നാള്‍ പ്രശാന്തില്‍നിന്ന് ശല്യം ഇല്ലായിരുന്നു. പിന്നീട് വീണ്ടും ഉപദ്രവം തുടങ്ങി. കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെല്‍മറ്റുകൊണ്ട് പ്രശാന്ത് പുറത്ത് അടിച്ചതിനെ തുടര്‍ന്നാണ് പ്രവിഷയുടെ നട്ടെല്ലിന് പരിക്കേറ്റത്. ഇതിന്റെ ചികിത്സക്കായാണ് ആയുര്‍വേദ ആശുപത്രിയിലെത്തിയത്.

ഇന്ന് ആശുപത്രിയിലെത്തിയ പ്രശാന്ത് എല്ലാം മറന്ന് തനിക്കൊപ്പം ജീവിക്കണം എന്ന് പ്രവിഷയോട് ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു മുഖത്ത് ആസിഡൊഴിച്ചത്. പൊള്ളലേറ്റ പ്രവിഷ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Summary: Family says ex-husband’s acid attack on young woman in Cheruvannur is a continuation of brutal torture