വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസ്; സമൂഹമാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചർക്കെതിരെ പോലിസ് നടപടിയെടുക്കാത്തതെന്തെന്ന് കോടതി, കേസ് 20ന് വീണ്ടും പരിഗണിക്കും
വടകര: വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോടതി. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്ത കാര്യം ഹരജിക്കാരനായ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ ഉന്നയിച്ചപ്പോഴാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ചോദ്യം ഉന്നയിച്ചത്. ഇതിന് പ്രോസിക്യൂഷൻ വ്യക്തമായ മറുപടി നൽകിയില്ല. കേസ് 20ന് വീണ്ടും പരിഗണിക്കും.
പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിൽനിന്ന് വിവാദ സന്ദേശം നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനാൽ മെറ്റയെ കേസിൽ മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘പോരാളി ഷാജി’ പേജിന്റെ അഡ്മിൻ വഹാബ്, ‘അമ്പാടിമുക്ക് സഖാക്കൾ’ പേജിന്റെ അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത അമൽറാം, ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ് എന്നിവരെയും കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചു.
Description: Kafir Screenshot Case; The court will consider the case again on 20th