വ്യാജന്മാരെ സൂക്ഷിക്കുക! ഒരാഴ്ച്ചക്കിടെ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍, നേഴ്‌സ് ഉള്‍പ്പെടെ രണ്ട് വ്യാജന്മാര്‍ പിടിയില്‍


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ വ്യാജഡോക്ടര്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് നഴ്‌സ് ചമഞ്ഞെത്തിയ യുവതിയെ പിടികൂടിയത്. ഈ സംഭവം നടന്ന് അടുത്ത ദിവസം തന്നെയാണ് ഇപ്പോള്‍ വ്യാജഡോക്ടറും പിടിയിലായിരിക്കുന്നത്.

മുക്കം ചേന്ദമംഗലൂര്‍ ചേന്നാംകുന്നത്ത് വീട്ടില്‍ സി.കെ അനൂപിനെ (29) യാണ് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇന്നലെ പിടികൂടിയത്. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

സുരക്ഷാജീവനക്കാരായ കെ സജിന്‍, ഇ ഷാജി എന്നിവര്‍ വാര്‍ഡുകളില്‍ നിരീക്ഷണം നടത്തവേ 36-ാം വാര്‍ഡിനടുത്താണ് അനൂപിനെകണ്ടത്. വാര്‍ഡുകളിലും ഒ.പി.കളിലും സ്റ്റെതസോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് ആശുപത്രിയിലെത്താറുള്ള അനൂപ് ശരിരായ ഡോക്ടറല്ല, വ്യാജനാണെന്ന് നേരത്തെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അനൂപിനെ കണ്ടാല്‍ പിടികൂടണമെന്ന് സര്‍ജന്റ് പി സാഹിര്‍ നേരത്ത നിര്‍ദേശം നല്‍കിയിരുന്നു. അനൂപിന്റെ ഫോട്ടോ ലഭിച്ചതോടെ സുരക്ഷാജീവനക്കാര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

കഴിഞ്ഞദിവസം സ്റ്റെതസ്റ്റോപ്പ് ധരിച്ചെത്തിയെങ്കിലും പിടികൂടാനുള്ള നീക്കത്തിനിടെ സ്ഥലം വിട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ അനൂപ് വീണ്ടും ആശുപത്രിയിലെത്തി ചില വാര്‍ഡുകളില്‍ കറങ്ങിനടന്ന ശേഷമാണ് വാര്‍ഡ് 36-ന് അടുത്തെത്തിയത്. പിടികൂടിയപ്പോള്‍ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വാര്‍ഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അനൂപിനെ കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചയിലേറെയായി ഇയാള്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് നടക്കുകയായിരുന്നു.

നഴ്‌സ് ചമഞ്ഞെത്തിയ കാസര്‍കോട് സ്വദേശി റംലാബിയെ കഴിഞ്ഞ 18 ന് ആയിരുന്നു സുരക്ഷാ ജീവനക്കാര്‍ പിടികൂടിയിരുന്നത്.

summery: fake doctor arrested in medical college hospital kozhikode