ലിപ്സ്റ്റിക്കിലും ഫേസ് ക്രീമിലും അമിതമായ അളവിൽ മെർക്കുറി; ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കും


തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ‘ഓപ്പറേഷൻ സൗന്ദര്യ’. ഓപ്പറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവിൽ നിന്ന് 12,000 ഇരട്ടിയോളം മെർക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.