കൊയിലാണ്ടിയിലെ എ.ടി.എം കവര്‍ച്ചാ നാടകം; പണം സംബന്ധിച്ച ദുരൂഹതകള്‍ ബാക്കി, പ്രതികളെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന കവര്‍ച്ചാ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്.

റിമാന്റില്‍ കഴിയുന്ന പ്രതികളായ പയോളി സ്വദേശി ഷുഹൈല്‍, യാസിര്‍, താഹ, എന്നിവരെ അഞ്ച് ദിവസം കസ്റ്റഡയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ഇന്ന് രാവിലെ അപേക്ഷ നല്‍കുകയായിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ പണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

താഹയില്‍ നിന്നും 37 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ എഫ്.ഐ ആര്‍ പ്രകാരം 72 ലക്ഷം കണ്ടെത്താനുണ്ടെന്നാണ് വണ്‍ ഇന്ത്യാ എടിഎം കമ്പനി പറയുന്നത്. പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി പ്രകാരം ബാധ്യതകള്‍ തീര്‍ക്കാന്‍ പണം ഉപയോഗിച്ചുവെന്നാണ്. എന്നാല്‍ ആര്‍ക്കൊക്കെയാണ് പ്രതികള്‍ പണം നല്‍കിയതെന്നും എ.ടി.എം കമ്പനി നഷ്ടമായെന്ന് പറയുന്ന തുകയിലെ ബാക്കി തുക എന്ത് ചെയ്‌തെന്നതിനെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊയിലാണ്ടിയില്‍ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വെച്ച് പര്‍ദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തില്‍ മുളക് പൊടി വിതറുകയും തലയ്ക്ക് മര്‍ദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. സുഹൈലിന്റെ കണ്ണില്‍ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയില്‍ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. കാട്ടിലപ്പീടികയില്‍ സുഹൈലിനെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.

25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈല്‍ പറഞ്ഞത്. എന്നാല്‍ സുഹൈല്‍ ജോലി ചെയ്തിരുന്ന ഏജന്‍സി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. പരാതിയില്‍ പറഞ്ഞ സാഹചര്യങ്ങളും, വിവിധ സി.സി.ടി.വി.ക്യാമറകളും ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലീസ് പരിശോധിച്ചു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേസ് നാടകമാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് വില്യാപ്പള്ളിയില്‍വെച്ച് താഹയെയും യാസിറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Fake complaint of assaulting a youth in koyilandy and extorting money: accused into custody