ഖത്തറിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ പുകശ്വസിച്ച് ബോധരഹിതനായി; ചികിത്സയിലായിരുന്ന ചേളന്നൂർ സ്വദേശി മരിച്ചു


ദോഹ: ഖത്തറിലെ താമസസ്ഥലത്തെ മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കോഴിക്കോട് ചേളന്നൂർ സ്വദേശി മരിച്ചു. കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെ മകൻ ഷെഫീഖ് (36) ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്.

ഈ മാസം 19നായിരുന്നു റയ്യാനില്‍ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയില്‍ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ മാർക്കറ്റിങ് – സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഷഫീഖ് ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്ബോഴായിരുന്നു സംഭവം.

ഉറക്കത്തിനിടെ മുറിയിലേക്ക് കടന്നെത്തിയ പുക ശ്വസിച്ച്‌ ഉണർന്ന ഇദ്ദേഹം ഉടൻ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുവെങ്കിലും പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പകല്‍ സമയമായതിനാല്‍ വില്ലയിലെ മറ്റുള്ളവരെല്ലാം ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് സിവില്‍ ഡിഫൻസ് വിഭാഗം എത്തി വാതില്‍ തുറന്നാണ് അകത്തു പ്രവേശിച്ചത്. ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ ഷഫീഖിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിച്ചു.

നാലു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയായിരുന്നു മരണം സംഭവിച്ചത്. ഒമ്പതു വർഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ഷെഫീഖ് ഒരു വർഷം മുമ്പാണ് നാട്ടില്‍ നിന്നെത്തിയത്. ഒക്ടോബർ അഞ്ചിന് വീണ്ടും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരിക്കെയാണ് ദുരന്തം. നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. മാതാവ്: ഖദിജ. ഭാര്യ: ബുസൈറ. രണ്ടു മക്കളുണ്ട്.

Summary: Fainted from smoke inhalation in a fire at his residence in Qatar; A native of Chelannur who was undergoing treatment died