നാളത്തെ ഹർത്താൽ പിൻവലിച്ചോ? പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 23 വെള്ളിയാഴ്ച) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിൻവലിച്ചതായുള്ള വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ആണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.

ഹർത്താൽ അറിയിപ്പ് വന്നതിനു അധികം വൈകാതെ തന്നെ പിൻവലിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രസിജാരിപ്പിച്ചു തുടങ്ങിയിരുന്നു. വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയുമെല്ലാം അകെ ആശയകുഴപ്പത്തിലാക്കി. ഇതിനെ തുടർന്നാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ വസ്തുത എന്താണ് എന്ന് പേരാമ്പ്ര ന്യൂസ് ഡോട് കോം പരിശോധിച്ചത്.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന തല മീഡിയാ കോ-ഓർഡിനേറ്ററുമായി കൊയിലാണ്ടി ന്യൂസ് ഡോട് കോം ബന്ധപ്പെട്ടപ്പോൾ ഹർത്താൽ പിൻവലിച്ചു എന്ന വാർത്ത വ്യാജമാണെന്ന് അവർ സ്ഥിരീകരിച്ചു. ഹർത്താൽ പിൻവലിച്ചു എന്ന പേരിൽ മീഡിയാ വൺ ചാനലിന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് മീഡിയാ വൺ ചാനലും സ്ഥിരീകരിച്ചു. വ്യാജ പോസ്റ്റർ തങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയാ വൺ കൂട്ടിച്ചേർത്തു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടു.

ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം 15 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് സംസ്ഥാനത്ത് നിന്ന് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഒ.എം.എ.സലാമിനെയും സി.പി.മുഹമ്മദ് ബഷീറിനെയും നസറുദ്ദീന്‍ എളമരത്തെയും മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുന്‍ അക്കൗണ്ടന്റും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ കസ്റ്റഡിയിലായി. എസ്.ഡി.പി.ഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍ നിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആണ് പുലര്‍ച്ചെ നാലരയോടെ ഓഫീസുകളില്‍ റെയ്ഡിനായി എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ കേരളത്തിലെ 14 ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലും തിരുവനന്തപുരത്തും റജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്നാണ് പരിശോധന.പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്.