ബാലുശ്ശേരി പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു


ബാലുശ്ശേരി: പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. മൂരാട്ട്കണ്ടി സഫീറിന്റെ വീടിന് നേരെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. സ്‌ഫോടകവസ്തു എറിഞ്ഞതിനൊപ്പം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയതായും വീട്ടുകാര്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തി. പരിശോധനയില്‍ വീട്ടില്‍ സ്‌ഫോടനം നടന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വീട്ടുകാര്‍ വാതില്‍ പൂട്ടാതെയാണ് പുറത്തുപോയതെന്നും കണ്ടെത്തി.

പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണം നടന്ന ശേഷം പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പൊലീസുകാര്‍ക്കും സ്‌ഫോടനം നടന്നതായി അറിവില്ല.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് മൂരാട്ട്കണ്ടി സഫീര്‍. ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.