ജപ്പാന്‍ജ്വരം ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പില്‍ ജെ.ഇ. വാക്‌സിനില്ല; തുടര്‍ച്ചയായി ജപ്പാന്‍ജ്വരം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജെ.ഇ. വാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യ വിദഗ്ധര്‍


പേരാമ്പ്ര: വടകരയിലും ബേപ്പൂരും ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍, ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളില്‍ ജപ്പാന്‍ജ്വരത്തിന് കാരണമായ ആര്‍ബോ വൈറസിനെതിരായ വാക്‌സിനില്ല എന്നത് ചര്‍ച്ചയാവുന്നു.

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ കുട്ടികള്‍ക്കുള്ള ഇമ്യൂണൈസേഷന്‍ പദ്ധതിയില്‍ ജപ്പാന്‍ജ്വരത്തെ പ്രതിരോധിക്കാനുള്ള ജെ.ഇ. വാക്‌സിന്‍ 2007 മുതല്‍ നല്‍കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആദ്യം ബേപ്പൂരിലും ഇപ്പോള്‍ വടകരയിലും ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പില്‍ ജെ.ഇ. വാക്‌സിന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധര്‍തന്നെ ഉന്നയിക്കുന്നുണ്ട്.

ബി.സി.ജി, ഡി.പി.ടി, പോളിയോ വാക്‌സിന്‍, ഹിബ് വാക്‌സിന്‍, ഹെപ്പറ്റൈറ്റിസ് ബി, പെന്റാവാലന്റ് വാക്‌സിന്‍, റോട്ടാവൈറല്‍ വാക്‌സിന്‍, എം.എം.ആര്‍, ടി.ടി. ഇന്‍ജക്ഷന്‍ തുടങ്ങിയവയാണ് നിലവില്‍ ജില്ലയില്‍ നല്‍കുന്നത്.

ദേശാടനപ്പക്ഷികള്‍ വഴിയാവാം ബേപ്പൂരിലും വടകരയിലും ആര്‍ബോ വൈറസുകള്‍ എത്തുന്നത് എന്നാണ് പ്രാഥമിക നിഗമനം. ജില്ലയില്‍ തുടര്‍ച്ചയായി ജപ്പാന്‍ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം എത്രമാത്രമുണ്ടെന്ന് കണ്ടെത്താനുള്ള സീറോ സര്‍വൈലന്‍സും വാക്‌സിനേഷന്റെ ആവശ്യകതയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖാന്തരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധര്‍.

summary: experts demented that the vaccine for children in the district should include the vaccine for Japanese encephalitis