പത്തം​ഗ സംഘത്തിന്റെ പരീക്ഷണം വിജയം കണ്ടു; മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം


മണിയൂർ: പത്തൊമ്പതാം വാർഡിലെ പച്ചപ്പ് , ഹരിതാമൃതം എന്നീ ​ഗ്രൂപ്പുകളിലെ അം​ഗങ്ങളുടെ പരീക്ഷണം വിജയം കണ്ടു. മണിയൂർ പതിയാരക്കര ഒതയോത്ത് പ്രദേശത്ത് ചെണ്ടുമല്ലി വസന്തം വിരിഞ്ഞു. ഇത്തവണ ഓണത്തിന് മറുനാടൻ പൂക്കൾ വേണ്ടെന്ന തീരുമാനമായിരുന്നു ചെണ്ടുമല്ലി കൃഷി ചെയ്യാൻ ഇരു ​ഗ്രൂപ്പുകളും തയ്യാറാവാൻ കാരണം.

ഒതയോത്ത് ഭാ​ഗത്ത് പലവ്യക്തികളിൽ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്താണ് സംഘം കൃഷി ഇറക്കിയത്. കൃഷി ഭവൻ മുഖേന ലഭിച്ച തൈകളും സ്വകാര്യ നഴ്സറികളിൽ നിന്ന് വാങ്ങിയ തൈകളും ചേർത്ത് 750 ഓളം തൈകളാണ് നട്ടത്. അപ്രതീക്ഷിത മഴയും പുഴു ശല്യവും വെല്ലുവിളിയായി. എങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വിളവ് ലഭിച്ചെന്ന് ഹരിതാമൃതം കർഷക ​ഗ്രൂപ്പിലെ അം​ഗം പ്രിയങ്ക സജീവ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് നിർവ്വഹിച്ചു. വാർഡം​ഗം ഷൈജു പള്ളീ പറമ്പത്ത് അധ്യക്ഷനായി. വീടുകളിലേക്കും ഓണ വിപണികളിലേക്കും വിളവെടുത്ത പൂക്കൾ വില്പനയ്ക്കെത്തിച്ച് കഴിഞ്ഞു. ഇനിയും പൂക്കൾ വിരിയാൻ ബാക്കിയുണ്ട്. അവ ഓണത്തിന് ശേഷം പൂമാർക്കറ്റിലേക്കും ക്ഷേത്രങ്ങളിലേക്കും ആവശ്യാനുസരണം നൽകാനാണ് തീുമാനമെന്നും പ്രിയങ്ക പറഞ്ഞു. ഒരു കിലോ പൂവിന് 200 രൂപ നിരക്കിലാണ് വില്പന. മറുനാടൻ പൂക്കളേക്കാൾ നാടൻ ചെണ്ടുമല്ലിക്ക് ആവശ്യക്കാരുണ്ട്.