“ചെറുധാന്യങ്ങളെ അടുത്തറിയാം”; പേരാമ്പ്രയിൽ മില്ലറ്റ് വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ജൂലൈ 16 ന്


പേരാമ്പ്ര: ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ കോഴിക്കോട് ജില്ല കൺവെൻഷൻ 2023 ജൂലൈ 16 ന് പേരാമ്പ്ര ദാറുന്നജും ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കും. 12 മണി മുതൽ 2 മണി വരെ മില്ലറ്റുകളുടെയും മില്ലറ്റ് വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയും ആണ്. രണ്ടുമണിക്ക് നടക്കുന്ന കൺവെൻഷൻ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം ചെയ്യും.

മില്ലറ്റ് മിഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനാവും. “അറിയാം ചെറുധാന്യങ്ങളെ” എന്ന വിഷയത്തിൽ സംസ്ഥാന ഭാരവാഹി ദീപാലയം ധനപാലനും “ഒരുക്കാം ചെറുധാന്യ വിഭവങ്ങൾ” എന്ന വിഷയത്തിൽ ജില്ലാ പ്രവർത്തകസമിതി അംഗം ജസീല റൗഫും ക്ലാസുകൾ എടുക്കും. ചെറുധാന്യത്തെക്കുറിച്ച് കൂടുതൽ അറിയാനും അവ ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കാനുള്ള പാചക പരിശീലനവും ഉൾക്കൊള്ളുന്ന ക്ലാസുകളാണ് നടക്കുക. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ചെറുധാന്യ വിഭവങ്ങൾ കഴിക്കാൻ നൽകും.

അരിയിൽ നിന്നും ഗോതമ്പിൽ നിന്നും വ്യത്യസ്തമായി ചെറു ധാന്യങ്ങൾ വയറ്റിൽ എത്തിയാൽ രക്തത്തിലേക്ക് ഗ്ലൂക്കോസിനേ കടത്തിവിടുന്നത് വളരെ സാവധാനത്തിൽ ആണ് (ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്.) നാരുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ ഇവയുടെ കലവറകളാണ് ചെറു ധാന്യങ്ങൾ. ഇവയൊക്കെ കൊണ്ടുതന്നെ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും ഉള്ളവർക്ക് നിയന്ത്രിക്കാനും ചെറു ധാന്യങ്ങൾ ഉപകരിക്കും.
അതുകൊണ്ടുതന്നെ കേരളം പോലെ ഭൂരിപക്ഷം ആളുകൾക്കും ജീവിതശൈലി രോഗങ്ങൾ ഉള്ള ഒരു നാട്ടിൽ ചെറു ധാന്യങ്ങളുടെ പ്രചാരണം വളരെ പ്രധാനമാണ്. ആ ദൗത്യമാണ് മില്ലറ്റ് മിഷൻ കേരള ഏറ്റെടുത്ത് നടത്തുന്നത്.

മില്ലെറ്റ് മിഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, ഖജാൻജി സനേഷ് കുമാർ, ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ പേരാമ്പ്ര, വൈസ് പ്രസിഡണ്ട് ബേബി ഗീത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Summary: Exhibition and sale of millet dishes at Perampra on 16th July