ആവേശമായി കലാ കായിക മത്സരങ്ങൾ; തോടന്നൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു


ചെമ്മരത്തൂർ: തോടന്നൂർ ബ്ലോക്ക് കേരളോത്സവം സമാപിച്ചു. ശനിയാഴ്ച ചെമ്മരത്തൂർ മാനവീയം സാംസ്കാരിക ഹാളിൽ കലാ മത്സരങ്ങൾ അരങ്ങേറി. ജാനു തമാശയും ലിഥിൻ ലാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

ഡിസംബർ 14ന് ആരംഭിച്ച കേരളോത്സവത്തിന്റെ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ നേരത്തെ പൂർത്തിയായി. ക്രിക്കറ്റ്, വടംവലി വിഭാഗങ്ങളിൽ വില്ല്യാപ്പള്ളി പഞ്ചായത്തും, വോളിബോൾ വിഭാഗത്തിൽ ആയഞ്ചേരി പഞ്ചായത്തും, ഫുട്ബോൾ മത്സരത്തിൽ മണിയൂർ പഞ്ചായത്തും കബഡി മത്സരത്തിൽ തിരുവള്ളൂരും ചാമ്പ്യന്മാരായി.

സമാപനത്തിന് മുന്നോടിയായി വെള്ളിയാഴ്ച തോടന്നൂർ ടൗൺ കേന്ദ്രീകരിച്ച് വർണ്ണശബളമായ വിളംബര റാലി നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആർ.ഡി ഏജന്റുമാർ, ഹരിത സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Summary: exciting arts and sports competitions; Thotannoor Block Kerala Festival concluded