കീഴരിയൂരിൽ എക്‌സൈസ് പരിശോധന; 275 ലിറ്റർ വാഷ് കണ്ടെത്തി


കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത്‌ ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ്‌ സംഭവം.

ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും പാർട്ടിയുമാണ് ഇയ്യാലോൽ ഭാഗത്ത്‌ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാത്ത നിലയിൽ കാടുകൾക്കുള്ളിൽ കന്നാസുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു പി.സി, അമ്മദ്.കെ.സി, പ്രിവവന്റീവ്‌ ഓഫീസർ (ഗ്രേഡ്) ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിവേക് എന്നിവരും ഉണ്ടായിരുന്നു.