മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം


ഇരിങ്ങത്ത്‌: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണ്. മലമുകളില്‍ ഖനനം കാരണം രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനാല്‍ തന്നെ പ്രദേശങ്ങളില്‍ ഓരോ ദിവസവും ഭീതിയോടെയാണ് കഴിഞ്ഞു പോവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലിനമാവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്യുന്നുന്നതും ജനങ്ങള്‍ക്ക് പ്രയാസമാവുന്നു. രാത്രിയിലും ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഖനന സമയത്ത് കല്ല് പൊട്ടിത്തെറിച്ച് സമീപത്തെ വീടുകള്‍ക്ക് മുകളിലും അംഗനവാടി കെട്ടിടത്തിനു മുകളിലുമെല്ലാം വീഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

റോഡ് നിര്‍മാണ കരാറുകാരായ വഗാഡ് ഇന്‍ഫ്രാപ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഖനനം നടത്തുന്നത്. ആദ്യഘട്ടങ്ങളില്‍ നല്ല രീതിയില്‍ ഖനനം നടന്നു തുടങ്ങി എങ്കിലും ഇപ്പോള്‍ യാതൊരുവിധ നിബന്ധനകളും പാലിക്കാതെ തികച്ചും അനധികൃതവും അശാസ്ത്രീയമായ രീതിയിലുമാണ് ഖനന പ്രവൃത്തികള്‍ നടത്തുന്നതെന്നും പ്രദേശ വാസികള്‍ പരാതി പറയുന്നു.

മൂരാട് മുതല്‍ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാതയുടെ വികസന പ്രവൃത്തികള്‍ക്കാവശ്യമായ മെറ്റലാണ് പ്രധാനമായും തങ്കമലയില്‍ നിന്നും കൊണ്ടു പോവുന്നത്്. വഗാഡിന്റെ പതിനാറ് ടണ്ണോളം ഭാരം വഹിക്കുന്ന കൂറ്റന്‍ ബെന്‍സ് ലോറികളിലാണ് ഖനനം ചെയ്‌തെടുക്കുന്ന മെറ്റല്‍ നിര്‍ബാധം ഒഴുകുന്നത്. ഖനനം നിര്‍ത്താനാവശ്യപ്പെട്ട് വില്ലേജ് , പഞ്ചായത്ത്, താലൂക്ക്, കലക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതികള്‍ സമര്‍പ്പിച്ചെങ്കിലും ക്വാറിമാഫിയക്ക് അനുകൂലമായ നിലപാടാണ് അധികാര കേന്ദ്രങ്ങള്‍ സ്വീകരിച്ചു പോരുന്നതെന്നും പ്രദേശം സന്ദര്‍ശിക്കാനോ പരിസരവാസികളെ ആശ്വസിപ്പിക്കാനോ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

summary: Excavation continues in Thangamala Quarry and local residents are worried after heavy rains