”ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! സംശയിക്കേണ്ട, നമ്മുടെ ഫോണ്‍ എല്ലാം കേള്‍ക്കുന്നുണ്ട്, ചോര്‍ത്തികൊടുക്കുന്നുമുണ്ട്‌


‘ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളോട് പറഞ്ഞ വാചകങ്ങളാണിത്‌. പുതിയ ഡ്രസോ, ബാഗോ, ഫോണോ അങ്ങനെ എന്തെങ്കിലും സാധനം വാങ്ങണമെന്ന് ഫോണിലൂടെ ആരോടെങ്കിലോ ഷെയര്‍ ചെയ്താല്‍ പിന്നെ രണ്ട് ദിവസത്തേക്ക് നമ്മുടെ ഫേസ്ബുക്കിലും മറ്റും ആ ഉത്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും. പലപ്പോഴും പലര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണിത്. അന്നൊക്കെ ഫോണ്‍ നമ്മുടെ സംസാരം ചോര്‍ത്തി ആര്‍ക്കേലും കൊടുക്കുന്നുണ്ടോയെന്ന് പലര്‍ക്കും സംശമുണ്ടായിരുന്നു. എന്നാലിതാ ആ സംശയം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോക്‌സ് മീഡിയ ഗ്രൂപ്പ് എന്ന മാര്‍ക്കറ്റിങ്‌ സ്ഥാപനം ആണ് സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്ന് സമ്മതിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സംസാരത്തില്‍ നിന്ന് അവരുടെ ആഗ്രഹങ്ങള്‍ തിരിച്ചറിയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്‌.

404 എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരസ്യദാതാക്കള്‍ക്ക് ഈ ശബ്ദ വിവരങ്ങള്‍ (വോയ്‌സ് ഡാറ്റ) ആളുകളുടെ പെരുമാറ്റ വിവരങ്ങളുമായി (ബിഹേവിയറല്‍ ഡാറ്റ) ചേര്‍ത്ത് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിതരണങ്ങള്‍ക്കായി ഉപയോഗിക്കാനാവും. ഏറ്റവും വലിയ പരസ്യ വിതരണക്കാരായ ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ വിവരങ്ങളുടെ ഉപഭോക്താക്കളാണ്.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയ ഗ്രൂപ്പിനെ നീക്കം ചെയ്തു. കൂടാതെ പരസ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ വ്യക്തമാക്കിയിട്ടുണ്ട്‌.

മാത്രമല്ല ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് മീഡിയ തന്നെ 2023ൽ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്‌.

Description: Everything we say will be listened to by the phone and given to advertisers